പൊന്തൻപുഴ സമരത്തിൽ അനുകൂല തീരുമാനം; അഞ്ഞൂറോളം കുടുംബങ്ങൾക്ക് പട്ടയം

Ponthanpuzha
SHARE

പൊന്തൻപുഴ- വലിയകാവ് വനാതിർത്തിയിലുള്ള അഞ്ഞൂറോളം കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടി അടിയന്തിരമായി തുടങ്ങാൻ പത്തനംതിട്ട ജില്ലാ കലക്ടറുടെ നിർദേശം. റവന്യൂ-വനം വകുപ്പുകളുടെ സർവേയിൽ കൈവശക്കാരുടെ ഭൂമി വലിയകാവ് വനാതിർത്തിക്ക് പുറത്താണെന്ന് കണ്ടെത്തിതിനെ തുടർന്നാണ് നടപടി. മുന്നൂറുദിവസത്തിലേറെ നീണ്ട സമരത്തിനൊടുവിലാണ് നാട്ടുകാർക്ക് അനുകൂലമായ തീരുമാനം

അറുപത് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ പട്ടയം കയ്യെത്തുംദൂരത്താണെന്ന് ജില്ലാ കലക്ടർ പ്രഖ്യാപിച്ചപ്പോൾ ജനം ആവേശത്തോടെ കയ്യടിച്ചു. ചിലർ തൊഴുകൈകളോടെ കലക്ടർ പറഞ്ഞത് ഒന്നുകൂടി ഉറപ്പിച്ചു. കഴിഞ്ഞ ജനുവരി പത്തിനുനടന്ന മന്ത്രിതല യോഗത്തിലാണ് പൊന്തൻപുഴ- വലിയകാവ് വനത്തിൻറെ സംയുക്ത സർവേ നടത്താൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന വലിയകാവ് വനം, റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി അളന്ന് തിരിക്കാനും കൈവശക്കാരുടെ ഭൂമി വനാതിർത്തിക്കുള്ളിലാണോയെന്ന് കണ്ടെത്താനുമായിരുന്നു സർക്കാർ ഉത്തരവ്. സർക്കാർ ഉത്തരവനുസരിച്ച് റിപ്പോർട്ട് നൽകാനുള്ള കാലാവധി ജനുവരി മുപ്പതിന് അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കലക്ടറുടെ നിർദേശപ്രകാരം  റാന്നി ഡി.എഫ്.ഒ സർവേ റിപ്പോർട്ട് നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് തടസമില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ തഹസീൽദാർക്ക് നിർദേശം നൽകിയതായി കലക്ടർ മനോരമ ന്യൂസിനോട് പറഞ്ഞു.

ആയിരത്തിഎഴുന്നൂറിലധികം ഏക്കറുള്ള വലിയകാവ് വനത്തിൻറെ വിസ്തൃതി പൂർണമായും അളന്ന് തിട്ടപ്പെടുത്തുന്നതിന് വനംവകുപ്പിന് രണ്ടുമാസത്തെ സമയം അനുവദിച്ചു. പെരുന്പെട്ടി വില്ലേജ് ഓഫിസിൽവച്ച് റവന്യൂ- വനം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനുശേഷമാണ് പട്ടയത്തിനുള്ള നടപടി തുടങ്ങാൻ നിർദേശിച്ചത്.

MORE IN SOUTH
SHOW MORE