മാവേലിക്കരയിൽ കാലത്തെ തോൽപിച്ച് ചുവരെഴുത്തുകള്‍

alappuzha-electon
SHARE

വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ നിറംമങ്ങാത്ത ഒരുചുവരെഴുത്തിന്റെ കഥയാണ് മാവേലിക്കര മണ്ഡലത്തില്‍പെട്ട വള്ളിക്കുന്നത്തിന് പറയാനുള്ളത്. നാലുപതിറ്റാണ്ട് മുന്‍പ് രാജ്യത്താകമാനം മുഴങ്ങിയ, ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂവെന്ന, മുദ്രാവാക്യമാണ് മായാത്ത ചുവരെഴുത്തായി നിലനില്‍ക്കുന്നത്. 

അടിയന്തിരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തിനെതിരെ 1980ല്‍ അതിശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. സ്വാഭാവികമായും അതിന്‍റെ അലയടികള്‍ കേരളത്തിലുമുണ്ടായി. ചുവരെഴുത്തുകളുടെ കാലത്ത് വെല്ലുവിളികളും വോട്ടഭ്യര്‍ഥനയും ഭിത്തികളിലും നിറഞ്ഞു. വള്ളികുന്നത്തെ വ്യാപാര സിരാകേന്ദ്രമായിരുന്ന ചൂനാട് മാര്‍ക്കറ്റിലെ ഇന്നും മായാത്ത ഈ ചുവരെഴുത്ത് അന്നത്തെ തിരഞ്ഞെടുപ്പിന്‍റെ ചൂട് പകര്‍ന്നുതരും. കോണ്‍ഗ്രസ് പക്ഷത്തായിരുന്ന സി.പി.ഐയുടെ ഓഫിസിന്‍റെ ചുവരില്‍ , അതും സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള പ്രദേശത്തായിരുന്നു യുവാക്കളുടെ രാത്രിയിലെ സാഹസം.

ഇന്ദിരാ ഗാന്ധിക്കുവേണ്ടിയുള്ള ആഹ്വാനത്തിനൊപ്പം ഇടതുപക്ഷത്തേക്ക് പോയ എ.കെ.ആന്‍റണിക്കും അന്നത്തെ സ്ഥാനാര്‍ഥി പി.ജെ.കുര്യനുമെതിരെയുള്ള രോഷവും എഴുത്തിലുണ്ട്. ചുവരെഴുത്തെല്ലാം നടത്തിയെങ്കിലും കോണ്‍ഗ്രസ് സഖ്യകക്ഷിയുടെ സ്ഥാനാര്‍ഥി തേവള്ളി മാധവന്‍ പിള്ളക്കെതിരെ പി.ജെ.കുര്യന്‍ വിജയിച്ചു. കാലം കഴിഞ്ഞപ്പോള്‍ എ.കെ.ആന്‍റണിയും പി.ജെ.കുര്യനും തിരികെ കോണ്‍ഗ്രസിലും ചുവരെഴുതിയവര്‍ ഇടതുപക്ഷത്തുമൊക്കെ എത്തിയത് കാലം കാത്തുവച്ച ചില കൗതുകങ്ങള്‍ മാത്രം.

MORE IN SOUTH
SHOW MORE