ഫാമിലി പ്ലാസ്റ്റിക്സിലെ അഗ്നിബാധ; സുരക്ഷാപാളിച്ച സ്ഥിരീകരിച്ച് റിപ്പോർട്ട്

plastic-factory-fire
SHARE

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് യൂണിറ്റിലെ സുരക്ഷാപാളിച്ച സ്ഥിരീകരിച്ച് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്. തീകെടുത്താനുള്ള സംവിധാനം ഫാക്ടറിയില്‍ ഇല്ലായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മാനദണ്ഡപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. 

തീകത്തിയ മണ്‍വിള ഫാക്ടറിയില്‍ ശനിയാഴ്ചയാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് പരിശോധന തുടങ്ങിയത്. തീപിടിച്ച കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചതിനാല്‍ കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. തുടര്‍ന്ന് ജീവനക്കാരുടെയും കമ്പനി അധികൃതരുടെയും മൊഴിയെടുത്തു. തീപിടിത്തമുണ്ടായാല്‍ ഉപയോഗിക്കാനുള്ള കാര്‍ബണ്‍ ഡയോക്സൈഡും ഡ്രൈ കെമിക്കല്‍ പൗഡറും ഉണ്ടായിരുന്നെങ്കിലും രണ്ടുദിവസം മുമ്പുണ്ടായ തീപിടിത്തം കെടുത്താന്‍ ഉപയോഗിച്ചതിനാല്‍ തീര്‍ന്നുപോയി എന്നാണ് മൊഴി. 

ഈ തീപിടിത്തത്തിന്റെ കാര്യം അധികൃതരില്‍ നിന്ന് കമ്പനി മറച്ചുവയ്ക്കുകയും ചെയ്തു. ഇത് കേരള ഫാക്ടറി റൂള്‍സ് 123 പ്രകാരം കുറ്റകരമാണ്. തീപിടിക്കാതെ അവശേഷിച്ച രണ്ട് യൂണിറ്റുകളില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഓഡിറ്റും നടത്തി. തീപിടിത്തമുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനുള്ള ഫയര്‍ ഡിറ്റക്ഷന്‍ സംവിധാനം ഇവിടെയില്ലെന്ന് കണ്ടെത്തി. വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ ഇത് ആവശ്യമാണെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് അറിയിച്ചു. 

ഓഡിറ്റ് പൂര്‍ത്തിയായ ശേഷം ഫാക്ടറിയില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് കമ്പനിക്ക് നിര്‍ദേശങ്ങള്‍ നല്‍കും. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ യൂണിറ്റ് തുറക്കാന്‍ അനുമതി നല്‍കൂ. ഇതോടൊപ്പം ഫയര്‍ ആന്‍ഡ് റെസ്ക്യൂവിന്റെയും ഇലക്ട്രിക്കല്‍ ഡയറക്ടറേറ്റിന്റെയും അനുമതി കൂടി ലഭിച്ചാലേ കമ്പനിക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

MORE IN South
SHOW MORE