എൻജിനീയറിങ്ങിന് പുതിയ മാനദണ്ഡം; ക്രമീകരണങ്ങളുമായി സാങ്കേതിക സർവകലാശാല

എന്‍ജിനീയറിങ് പഠനത്തിന് പുതിയ മാനദണ്ഡങ്ങളും ക്രമീകരണവും കൊണ്ടുവരാന്‍ സാങ്കേതിക സര്‍വകലാശാല  തയ്യാറെടുക്കുന്നു. യൂണിവേഴ്സിറ്റി പരീക്ഷയില്‍  ജയിക്കാനുള്ള കുറഞ്ഞമാര്‍ക്ക് 45 ല്‍നിന്ന് 40 ആയി കുറക്കും. പ്രവേശന മേല്‍നോട്ടത്തിനായി അഡ്മിഷന്‍ അതോറിറ്റി നിലവില്‍വരും. ഇത്് സംബന്ധിച്ച കരട് രേഖ പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും നല്‍കി.

ബിടെക്കിന്റെ പ്രവേശന മാനദണ്ഡങ്ങള്‍തീരുമാനിക്കാനും നടപ്പിലാക്കാനും പ്രത്യേക അഡ്മിഷന്‍ അതോറിറ്റി നിലവില്‍വരും. ഇതിന് നിയമപരമായ അധികാരങ്ങളുണ്ടാകുമെന്ന് സാങ്കേതിക സര്‍വകലാശാല പുറത്തിറക്കിയ കരട് രേഖപറയുന്നു. ആദ്യ സെമസ്റ്ററിലെയും അവസാന രണ്ട് സെമസ്റ്ററുകളിലെയും ക്രഡിറ്റുകളുടെ എണ്ണം കുറക്കും. ആദ്യസെമസ്റ്ററില്‍ 17.5 ആയും അവസാന രണ്ടില്‍ 31 ആയും ക്രഡിറ്റുകള്‍ നിജപ്പെടുത്തും. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ജയിക്കാന്‍വേണ്ട മാര്‍ക്ക് ഇപ്പോള്‍ 100 ല്‍45 ആണ് , ഇത് നാല്‍പ്പതായി കുറക്കും. തുടര്‍മൂല്യനിര്‍ണ്ണയത്തിലും പൊതുപരീക്ഷയിലും കൂടി 50 മാര്‍ക്ക് വേണമെന്നും നിഷ്ക്കര്‍ഷിക്കും. തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്ക് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും മുന്‍പ് കോളജില്‍ പ്രസിദ്ധീകരിക്കും. പരാതികള്‍ ഒഴിവാക്കാനാണിത്. മികച്ചകോളജുകളില്‍ ബിടെക്ക് ഒാണേഴ്സ കോഴ്സ് ആരംഭിക്കാനും സര്‍വകലാശാല ആലോചിക്കുന്നു. ആഭ്യന്തര ഗുണനിലവാര സമിതി, വിദ്യാര്‍ഥി ക്ഷേമ സെല്‍എന്നിവ എല്ലാ കോളജിലും നിലവില്‍വരും. ഒഴിവാക്കാന്‍പറ്റാത്ത കാരണങ്ങളാല്‍കോഴ്സ് പഠനം മുടങ്ങിപോകുന്നവര്‍ക്ക് , തിരികെ വരാന്‍ അവസരം നല്‍കും. വിദ്യാര്‍ഥികളുടെ ഉന്നത പഠനം, ഗവേഷണം, പ്രോജക്ടുകള്‍ , സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ എന്നിവക്ക് ഗുണകരമാകും വിധം പഠനക്രമം അപ്പാടെ ക്രമീകരിക്കാനാണ് ശ്രമം. അധ്യാപകുടെ അഭിപ്രായം അറിഞ്ഞശേഷം നിബന്ധനകള്‍ക്ക് അന്തിമ രൂപം നല്‍കും.