സപ്ലൈകോയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ സ്ഥലംമാറ്റിയ സംഭവം; പുനപരിശോധിക്കുമെന്ന് നിയമസഭാ സമിതി

Niyamasabha-samithi-Supplyco
SHARE

തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള സപ്ലൈകോയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ സ്ഥലംമാറ്റിയ ഉത്തരവ് പരിശോധിക്കുമെന്ന് നിയമസഭാ സമിതി. സപ്ലൈക്കോയിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമിതി ചെയര്‍മാന്‍ സി.ദിവാകരന്‍ കൊച്ചിയില്‍ പറഞ്ഞു. സപ്ലൈകോയില്‍ വെട്ടിക്കുറച്ച സബ്സിഡി പുനസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന നിയമസഭാ സമിതി കൊച്ചിയില്‍ പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് നിയമസഭാ സമിതി കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്തെത്തിയത്. തുടര്‍ന്ന് സമിതി കണ്‍വീനര്‍ സി.ദിവാകരന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ച. 2013 മുതലുള്ള സപ്ലൈകോയിലെ ലാഭ നഷ്ട കണക്കുകള്‍ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്‍പാകെ അവതരിപ്പിച്ചു. എന്നാല്‍ സപ്ലൈകോയിലെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ സമര്‍പ്പിക്കാത്തതില്‍ സമിതി ചെയര്‍മാന്‍ സി.ദിവാകരന്‍ പരസ്യമായ അമര്‍ഷം രേഖപ്പെടുത്തി. 

സപ്ലൈക്കോയിലെ സബ്സിഡി വെട്ടിക്കുറച്ചതിനെയും സമിതി ചോദ്യംചെയ്തു. സബ്സിഡി പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ സി.ദിവാകരന്‍ അറിയിച്ചു. സപ്ലൈക്കോയിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സി.ദിവാകരന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സി.ദിവാകരനൊപ്പം സമിതി അംഗങ്ങളായ എസ്.രാജേന്ദ്രന്‍, സണ്ണി ജോസഫ്, സി.എഫ് തോമസ്, വി.എ അഹമ്മദ് കബീര്‍, പി.ടി.എ റഹീം എന്നിവര്‍ സപ്ലൈകോയിലെ ഔട്‍ലെറ്റുകളുടെ പ്രവര്‍ത്തനങ്ങളും നേരിട്ടെത്തി വിലയിരുത്തി. 

MORE IN SOUTH
SHOW MORE