പൊന്തൻപുഴ വലിയകാവ് മേഖലകളിൽ റവന്യു ഉദ്യോഗസ്ഥരുടെ തിരിമറി

pothanpuzha
SHARE

പൊന്തന്‍പുഴ– വലിയകാവ് വനഭൂമിയുടെ രേഖകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സര്‍ക്കാര്‍ സംരക്ഷിതവനമായി പ്രഖ്യാപിച്ച ആയിരത്തി മുന്നൂറേക്കര്‍ ഭൂമി സര്‍ക്കാര്‍ പുറമ്പോക്ക് എന്നാണ് റീസര്‍വേയ്ക്കുശേഷം രേഖപ്പെടുത്തിയിരിക്കുന്നത്. വില്ലേജ്– താലൂക്ക് ഓഫിസുകളില്‍ സൂക്ഷിച്ചിരിക്കുന്ന അടിസ്ഥാന നികുതി രജിസ്റ്ററുകളിലും ഭൂമിയെക്കുറിച്ച് വ്യത്യസ്ത വിവരണമാണ് നല്‍കിയിരിക്കുന്നത്.

ഏഴായിരമേക്കറുള്ള പൊന്തന്‍പുഴ – വലിയകാവ് വനഭൂമിയുടെ അവകാശത്തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് റവന്യൂരേഖകളിലെ തിരിമറി ഓരോന്നായി പുറത്തുവരുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി– പെരുമ്പെട്ടി വില്ലേജുകളില്‍പ്പെട്ട മൂന്ന് സര്‍വേ നമ്പറുകളിലായി 1771 ഏക്കറാണ് വലിയകാവ് വനഭൂമിയുടെ ആകെ വിസ്തൃതി. റീസര്‍വേക്കുശേഷം 1343 ഏക്കര്‍ ഉള്‍പ്പെടുന്ന പെരുമ്പെട്ടി വില്ലേജ് ഓഫിസിലെ രേഖകളില്‍ നടന്ന കൃത്രിമമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നൂറുവര്‍ഷം മുന്‍പ് തിരുവിതാംകൂര്‍ രാജാവും 1958 ല്‍ സംസ്ഥാന സര്‍ക്കാരും സംരക്ഷിതവനമായി പ്രഖ്യാപിച്ച ഭൂമി, ഇപ്പോള്‍ സര്‍ക്കാര്‍ പുറമ്പോക്ക് എന്നാണ് അടിസ്ഥാന നികുതി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം വനഭൂമിക്ക് ചുറ്റുമുള്ള കുടിയേറ്റക്കാരുടെ കൈവശമിരിക്കുന്ന 290 ഏക്കര്‍ ഭൂമി റീസര്‍വേ പ്രകാരം വനഭൂമിയാണെന്നും രേഖപ്പെടുത്തി. എന്നാല്‍ മല്ലപ്പള്ളി താലൂക്ക് ഓഫിസിലെ ബി.ടി.ആര്‍ പ്രകാരം മുഴുവന്‍ ഭൂമിയും പുറമ്പോക്ക് റിസര്‍വ് ആണ്. വനഭൂമിയുടെ കൈമാറ്റം തടയുന്നതിനായി താലൂക്ക് ഓഫിസില്‍നിന്ന് 2009ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍നിന്ന് യഥാര്‍ഥ വനഭൂമിയുടെ സര്‍വേ നമ്പര്‍ ഒഴിവാക്കുകയും ചെയ്തത് വനംമാഫിയയെ സഹായിക്കാനാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വ്യാജരേഖകളുമായി വനഭൂമി കയ്യേറാന്‍വന്നവരെ നിരവധിതവണ നാട്ടുകാര്‍ പിടികൂടിയിരുന്നു. വനഭൂമിയുടെ അവകാശത്തര്‍ക്കത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍  ഹൈക്കോടതിയില്‍ പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. വനഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരം പുരോഗമിക്കുന്നതിനിടെ പുറത്തുവരുന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സമരസമിതിയും ആവശ്യപ്പെടുന്നു.

MORE IN SOUTH
SHOW MORE