ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി പെന്‍ഷന്‍ നിഷേധിച്ച നടപടി പുനപരിശോധിക്കും

pension-probe
SHARE

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി പെന്‍ഷന്‍ നിഷേധിച്ച നടപടി പുനപരിശോധിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പട്ടിക പരിശോധിച്ച് പുതിയ പട്ടിക തയാറാക്കും. കൗണ്‍സില്‍ യോഗത്തിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി.

ഇല്ല ഞങ്ങള്‍ മരിച്ചിട്ടില്ലായെന്ന മുദ്രാവാക്യവുമായി മരിച്ചുപോയവരെന്ന പേരില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെത്തി സമരം നടത്തിയിരുന്നു. സംസ്ഥാനത്തെമ്പാടുമുള്ളത് പോലെ പെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ ഒഴിവാക്കാന്‍ സര്‍വേ നടത്തിയപ്പോളാണ് അബദ്ധങ്ങള്‍ കടന്ന് കൂടിയത്. 1532 പേരെ മരിച്ചവരെന്ന പേരിലും 932 പേരെ വാഹനങ്ങളുള്ളവരെന്ന പേരിലുമാണ് പെന്‍ഷന്‍ പട്ടികയില്‍ നിന്നൊഴിവാക്കിയത്. ഇതില്‍ ചിലര്‍ ജീവിച്ചിരിപ്പുണ്ടെന്നും ചില കൂലിപ്പണിക്കാരെപ്പോലും വാഹന ഉടമകളായി ചിത്രീകരിച്ചെന്നുമാണ് ആക്ഷേപം. ബി.ജെ.പി കൗണ്‍സില്‍യോഗത്തിലും പ്രതിഷേധം ഉന്നയിച്ചു. 

സര്‍വേയിലെ പാളിച്ചകളാണെന്നും പുനപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മേയര്‍ മറുപടി പറഞ്ഞു. പുനപരിശോധിച്ചാലുടന്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ട അര്‍ഹര്‍ക്ക് ലഭിക്കുമെന്നും ഉറപ്പ് നല്‍കി.

MORE IN SOUTH
SHOW MORE