കലാകാരനായ ഭര്‍ത്താവിനെത്തിരഞ്ഞ് കവയിത്രിയായ ഭാര്യ തിരുവനന്തപുരത്ത്

husband
SHARE

നാലരവര്‍ഷം മുമ്പ് കാണാതായ കലാകാരനായ ഭര്‍ത്താവിനെത്തിരഞ്ഞ് കവയിത്രിയായ ഭാര്യ തിരുവനന്തപുരത്ത്. റിസര്‍വ് ബാങ്കിന്റെ നോട്ട് രൂപകല്‍പനചെയ്തിരുന്ന സഖിചന്ദ്രകുമാറിനെത്തേടിയാണ് ഭാര്യ പ്രതിഭാ ചന്ദ്ര് തലസ്ഥാനത്തെത്തിയത്.  സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരുപ്രാദേശിക ചാനലിന്റെ ദൃശ്യങ്ങളാണ് പ്രതിഭയെ കേരളത്തില്‍ എത്തിച്ചത്. ഡി.ജി.പിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.

നാട്ടിലെവിടെയെങ്കിലും ഇങ്ങനെ ചിത്രവരയ്ക്കുന്നയാളെക്കണ്ടാല്‍ ദയവായി അദ്ദേഹത്തെ എങ്ങും പോകാനനുവദിക്കാതിരിക്കുക. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക. ഒരടയാളം കൂടി ഈ ചിത്രകാരന്റെ വലത്തെ പാദത്തില്‍ നാലുവിരലേയുള്ളൂ. ഒരുപക്ഷെ നിങ്ങള്‍ കണ്ടെത്തുന്നയാള്‍ സഖി ചന്ദ്രകുമാറാകാം. റിസര്‍വ് ബാങ്കിന്റെ നോട്ട് രൂപകല്‍പന ചെയ്തിരുന്നയാളാണ് ചന്ദ്രകുമാര്‍. മധ്യപ്രദേശിലെ ദേവാസിലെ നോട്ട് അച്ചടിശാലയി ആര്‍ട്ടിസ്റ്റ് ഡിസൈനര്‍ ആന്‍ഡ് എന്‍ഗ്രേവിങ് ഒാഫിസറായി ജോലിചെയ്തിരുന്നയാള്‍. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ദൃശ്യമാണ് ഭാര്യ പ്രതിഭയെ കേരളത്തില്‍ എത്തിച്ചത്. 

മകന്റെ അപകടമരണത്തോടെ വിഷാദത്തിലേക്ക് വഴുതിയ സഖിചന്ദ്രകുമാര്‍ പിന്നീട് മറവിരോഗത്തിലേക്ക് വീഴുകയായിരുന്നു. ചികില്‍സയ്ക്കായി 2014 ല്‍ ഡല്‍ഹിയില്‍ കൊണ്ടുപോയി. അവിടെ നിന്നാണ് സഖിചന്ദ്രകുമാറിനെ കാണാതായത്. ദേവാസിലെ ശാസകീയ വിദ്യാലയത്തില്‍ അധ്യാപികയാണ് പ്രതിഭ. സഹായത്തിന് എത്തിയത് ജബല്‍പുര്‍ സര്‍വകലാശാലയിലെ  പ്രഫസര്‍ ബി.കെ. ചതുര്‍വേദി.

പ്രതിഭയുടെ കവിതാ സമാഹാരം സമര്‍പിച്ചിരിക്കുന്നത് ഭര്‍ത്താവ് സഖിചന്ദ്രകുമാറിനാണ്. ഒന്നാം പുറത്തില്‍ പ്രതിഭ ഇങ്ങനെ കുറിക്കുന്നു. 

ധാ സംഗ് സംഗ് ചല്‍നേ കാ വാദാ... 

ഹമ് ചലേംഗെ ആഖിരി ദം തക്. 

ഒരുമിച്ച് മുന്നോട്ട് പോകാമെന്നായിരുന്നു വാക്ക്. നമ്മള്‍ ഒരുമിച്ചുതന്നെ പോകും അവസാനം വരെ. 

MORE IN SOUTH
SHOW MORE