സ്ഥലം അനുവദിച്ചിട്ടും പട്ടയം നൽകാതെ ദുരിതത്തിലായി നെയ്ത്തു കോളനിക്കാർ

തിരുവനന്തപുരം പെരിങ്ങംമല നെയ്‌ത്ത്‌ കോളനിയിലെ പത്തു വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ സ്ഥലമനുവദിച്ച്  ആറുപതിറ്റാണ്ടായിട്ടും പട്ടയമില്ല. ഈ വീട്ടുകാര്‍ അംഗങ്ങളായ  കല്ലിയൂര്‍  കൈത്തറി  സഹകരണ സംഘം പട്ടയം തട്ടിയെടുത്തതായാണ് തൊഴിലാളികള്‍ പറയുന്നത്. ലോണെടുക്കാന്‍ പോലും കഴിയാതെ നിസഹായാവസ്ഥയിലാണ് തൊഴിലാളികള്‍.  

ഇ എം എസ്‌ മന്ത്രി സഭയുടെ കാലത്താണ്‌ കല്ലിയൂര്‍ കൈത്തറി സഹകരണ സംഘത്തിലെ  കുടുബങ്ങള്‍ക്ക്‌  സ്ഥലവും വീടും അനുവദിച്ചത്. 50 സെന്‍റ്  സ്‌ഥലത്ത് 10 വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ച് നല്കി.  അന്ന്‌ സംസ്ഥാനത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി അനുദിച്ച  ക്രേന്ദ്ര ഫണ്ടുപയോഗിച്ചാണ്  തൊഴിലാളികള്‍ക്ക്‌ വീടും സ്‌ഥലവും അനുവദിച്ചത്.  എന്നാല്‍ പട്ടയം തൊഴിലാളികള്‍ക്ക്  നല്കാതെ സഹകരണ സംഘം കൈവശം വച്ചു. പട്ടയത്തിനായി കയറിയിറങ്ങിയ ആദ്യ തലമുറയില്‍ പലരും   മണ്‍മറഞ്ഞു. അവരുടെ  അവകാശികള്‍ സമരത്തിലാണ്. 

ലോണെടുക്കുന്നതിനോ വീടില്‍ അറ്റകുറ്റ പണി നടത്തുന്നതിനോ  പട്ടയമില്ലാത്തതിനാല്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശമുണ്ടായാല്‍ മാത്രമേ പട്ടയം കൈമാറാനാകൂ എന്നാണ്  സഹകരണ സംഘത്തിന്‍റെ നിലപാട്‌.