മാതൃകയായി കക്കവാരല്‍ തൊഴിലാളികൾ; അഷ്ടമുടി കായൽ മാലിന്യ മുക്തം

ashttamudikayal-waste
SHARE

പരിസ്ഥിതി ദിനത്തില്‍ അഷ്ടമുടി കായലിലെ മാലിന്യം നീക്കി കക്കവാരല്‍ തൊഴിലാളികള്‍. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നൂറോളം വള്ളങ്ങളിലാണ് തൊഴിലാളികള്‍ മാലിന്യം നീക്കിയത്. 

ദിവസവും അഷ്ടമുടി കായലില്‍ മുങ്ങി കക്കവാരുന്ന കൈകള്‍ പരിസ്ഥിതി ദിനത്തില്‍ ജോലി മാറ്റിവച്ചു. കക്കയ്‍ക്ക് പകരം മാലിന്യം വാരിയെടുത്തു. ഒന്നും രണ്ടും അല്ല, നൂറ് വള്ളങ്ങളില്‍ ഇരുന്നൂറോളം കക്കവാരല്‍ തൊഴിലാളികളാണ് കായലിലെ ശുചിത്വയജ്ഞത്തില്‍ പങ്കാളികളായത്. ഹരിതകേരളം പദ്ധതിയോട് സഹകരിച്ച് ജില്ലാ കക്കവാരല്‍ തൊഴിലാളി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.  രാവിലെ കലക്ടര്‍ എസ്. കാര്‍ത്തികേയന്‍ ഫ്ളാഗ് ഓഫ് ചെയ്ത വള്ളങ്ങള്‍ വൈകിട്ടോടെ  കൈനിറയെ മാലിന്യവുമായി കരയ്‍ക്കടുത്തു. തേവള്ളി പാലത്തിന് സമീപത്ത് നിന്നും മുക്കാട് വരെയുള്ള കായല്‍ മാലിന്യമുക്തമാക്കി. ആശയം മുന്നോട്ട് വച്ചതും യൂണിയന്‍ തന്നെയാണെന്ന് പ്രസിഡന്റ് യേശുദാസ് പറഞ്ഞു. 

കരക്കെത്തിച്ച മാലിന്യം കോര്‍പ്പറേഷന്റെ രണ്ട് ലോറികളിലാണ് കൊണ്ടുപോയത്. ഇത്തരമൊരു പരിപാടി ആദ്യമാണെങ്കിലും കൃത്യമായ ഇടവേളകളില്‍ തുടരാനാണ് കക്കവാരല്‍ തൊഴിലാളികളുടെ തീരുമാനം.  

MORE IN SOUTH
SHOW MORE