നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്പ്

Dr-Sosamma-iype
SHARE

കേരളത്തിലെ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്പ് എഴുപത്തിയാറാം വയസിലും പശുസംരക്ഷണ മേഖലയില്‍ കര്‍മനിരത. പത്തനംതിട്ട എഴുമറ്റൂരില്‍ സംഘടിപ്പിച്ച ഗോമഹിമ ജൈവകര്‍ഷക സംഗമ വേദിയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു ഡോ. ശോശാമ്മ ഐപ്പ്.

കേരള സമൂഹം ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ മഹത്വം സര്‍ക്കാരിനും സമൂഹത്തിനും മുന്നില്‍ വാദിച്ച് ഉറപ്പിച്ച വ്യക്തിയാണിത്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിരമിച്ച ഡോ. ശോശാമ്മ ഐപ്പ്. നാടന്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂരിലുള്ള അമൃതധാര ഗോശാലയില്‍ സംഘടിപ്പിച്ച ഗോമഹിമ  വേദിയിലെത്തിയ ഡോ. ശോശാമ്മ ഐപ്പ് ഫാമിലെ നാടന്‍ പശുക്കളുടെ സംരക്ഷണം നോക്കിക്കണ്ടു. നാടന്‍ പശുക്കള്‍ക്ക് ഇന്ന് ലഭിക്കുന്ന സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

1960 കള്‍വരെ വെച്ചൂര്‍ പശുക്കള്‍ കേരളത്തില്‍ വ്യാപകമായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ പാലുല്‍പാദനം കൂട്ടുന്നതിനായി സങ്കരയിനങ്ങളെ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയും, നാടന്‍ ഇനങ്ങളുടെ വംശവര്‍ധനയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കും വെച്ചൂര്‍ പശുക്കളെ വംശനാശത്തിന്‍റെ വക്കിലെത്തിച്ചിരുന്നു. 1989ല്‍ ഡോ. ശോശാമ്മ ഐപ്പും വിദ്യാര്‍ഥികളും ചേര്‍ന്ന് ആരംഭിച്ച പോരാട്ടമാണ് വെച്ചൂരും, കാസര്‍കോട് കുള്ളനുമടക്കമുള്ള നാടന്‍ പശുക്കളെ വംശനാശത്തില്‍നിന്ന് രക്ഷപെടുത്തിയത്.

1998ല്‍ വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനായി ആരംഭിച്ച ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളുമായി ഇപ്പോഴും സജീവമാണ് ഡോ. ശോശാമ്മ ഐപ്പ്.

MORE IN SOUTH
SHOW MORE