പുനലൂർ-പൊൻകുന്നം റോഡ് ടെൻഡർ ചെയ്യുന്നതിന് അനുമതി

punaloor-ponkunnamroadv
SHARE

കെ.എസ്.ടി.പി പദ്ധതിയില്‍ പെടുന്ന പുനലൂര്‍–പൊന്‍കുന്നം റോഡ് ടെന്‍ഡര്‍ ചെയ്യുന്നതിന് ലോകബാങ്ക് അനുമതി. ഏറ്റുമാനൂര്‍–ചെങ്ങന്നൂര്‍ റോഡില്‍ തിരുവല്ല ടൗണ്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ലോകബാങ്ക് സംഘവും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍. എന്നാല്‍ ലോകബാങ്ക് വായ്പയുടെ സമയപരിധി നീട്ടുന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. 

കെ.എസ്.ടി.പി പദ്ധതിയുടെ അവലോകനത്തിനെത്തിയ ലോകബാങ്ക് വിദഗ്ധ സംഘവുമായി ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടുദിവസമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍. ഇ.പി.സി മാതൃകയില്‍ നിര്‍മിക്കുന്ന പുനലൂര്‍–പൊന്‍കുന്നം റോഡ് ടെന്‍ഡര്‍ ചെയ്യുന്നതിന് ലോകബാങ്ക് സംഘം അനുമതി നല്‍കി. എന്നാല്‍ പദ്ധതിയുടെ റീസ്ട്രക്ചറിങ് പൂര്‍ത്തിയാക്കിയശേഷം മാത്രമേ ടെന്‍ഡര്‍ അവാര്‍ഡ് ചെയ്യാവൂ. സെപ്റ്റംബറോടെ ഇത് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. തിരുവല്ല ബൈപാസ് വിഭാവനം ചെയ്തിരുന്നതിനാല്‍ ഏറ്റുമാനൂര്‍–ചെങ്ങന്നൂര്‍ റോഡ് പദ്ധതിയില്‍ നേരത്തെ തിരുവല്ല ടൗണ്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പദ്ധതിയില്‍ തിരുവല്ല ടൗണും കൂടി ഉള്‍പ്പെടുത്താന്‍ ലോകബാങ്ക് അനുമതി നല്‍കി. ഇതിന് 8.5 കോടിരൂപയാണ് ചെലവ്. പദ്ധതി ടെന്‍ഡര്‍ ചെയ്യുന്നതിനും തീരുമാനമായി. ഇതോടൊപ്പം തന്നെ സ്തംഭനാവസ്ഥയിലുള്ള തിരുവല്ല ബൈപാസ് പദ്ധതി റീ ടെന്‍ഡര്‍ ചെയ്യും. പദ്ധതി റീ ടെന്‍ഡര്‍ ചെയ്യാന്‍ ലോകബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. അടുത്തമാസം അനുമതി രേഖാമൂലം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ അടുത്തമാസം അവസാനത്തോടെ പദ്ധതി റീ ടെന്‍ഡര്‍ ചെയ്യാനാകും. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി ലോകബാങ്ക് സംഘം റോഡുകളുടെ നിര്‍മാണപുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു. മൂന്ന് പ്രധാന പദ്ധതികളുടെ കാര്യത്തില്‍ അനുമതി ലഭിച്ചതിനാല്‍ ലോകബാങ്ക് സംഘം സംതൃത്പരാണെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ കെ.എസ്.ടി.പി പദ്ധതികളുടെ നിര്‍മാണപുരോഗതി വിലയിരുത്തി ലോകബാങ്ക് നല്‍കുന്ന റേറ്റിങ് പുറത്തുവന്നാലേ ഇക്കാര്യം വ്യക്തമാകൂ. അടുത്തവര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാകുന്ന വായ്പയുടെ കാലാവധി നീട്ടുന്നതുസംബന്ധിച്ചും വ്യക്തതയില്ല. സമയം നീട്ടണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ വഴി ലോകബാങ്കിന് മുന്നില്‍ രേഖാമൂലം എത്തിക്കാന്‍ ചുരുങ്ങിയത് നാലുമാസമെങ്കിലുമെടുക്കും. എന്നാല്‍ ഫെബ്രുവരിയില്‍ ലോകബാങ്ക് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം നേരിട്ടുന്നയിച്ചിരുന്നതിനാല്‍ കാലതാമസം പ്രശ്നമാകില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

MORE IN SOUTH
SHOW MORE