മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി

mutholi-election-t
SHARE

കോട്ടയം മുത്തോലി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. വാശിയേറിയ പോരാട്ടത്തില്‍ കേരളാ കോണ്‍ഗ്രസ് രണ്ടാമതായി. അതേസമയം ബിജെപിയും എല്‍ഡിഎഫും വലിയ തോതില്‍ വോട്ടുമറിച്ചെന്ന് ആരോപണവുമായി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും രംഗത്തെത്തി.

കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായിരുന്ന തെക്കുംമുറി നോര്‍ത്ത് പതിമൂന്നാം വാര്‍ഡില്‍ പഞ്ചായത്തംഗം ലിസി തോമസ് വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് രംഗത്തിറക്കിയത് ലിസിയുടെ മകള്‍ ജിസ്മോള്‍ തോമസിനെ. പതിമൂന്നംഗ പഞ്ചായത്തില്‍ ഏഴംഗങ്ങളുടെ  ഭൂരിപക്ഷത്തില്‍ ഒറ്റയ്ക്ക് ഭരണം കയ്യാളുന്ന കേരളാ കോണ്‍ഗ്രസും മല്‍സരത്തിനിറങ്ങിയതോടെ പോരാട്ടം കടുത്തു. മാത്രമല്ല കേരളാ കേരളാ കോണ്‍ഗ്രസിന് ഏറെ സ്വധീനമുള്ള മേഖലകൂടിയാണ് ഇവിടം. കഴിഞ്ഞ തവണം 335 വോട്ടുകളാണ് യുഡിഎഫായി മല്‍സരിച്ചപ്പോള്‍ ലഭിച്ചത്. ബിജെപിയ്ക്ക് ഇരുന്നൂറ്റി നാലും സിപിഎമ്മിന് തൊണ്ണൂറും വോട്ടുകളും ലഭിച്ചിരുന്നു. അതുകൊണ്ട് ഈ വോട്ടുകള്‍ അതാത് പാര്‍ട്ടികള്‍ക്ക് തന്നെ ലഭിച്ചാല്‍ വിജയം സുനിശ്ചിതമെന്ന് തന്നെയായിരുന്നു കേരളാ കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ഫലം വന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 

ജിസ്മോള്‍ക്ക് 399 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസിലെ സില്‍വി മനോജിന് 282 വോട്ടുകളെ നേടാനായുള്ളു. അതേസമയം  ബിജെപിയ്ക്ക് വെറും നാല്‍പത്  വോട്ടും സിപിഎമ്മിന് 33 വോട്ടുകളും മാത്രമാണ് ലഭിച്ചത്.  കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ബിജെപിയും സിപിഎമ്മും വോട്ടുമറിച്ചെന്നാണ് കേരളാ കോണ്‍ഗ്രസിന്‍റെ ആരോപണം. എന്നാല്‍  അവസരവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. ആരോപണ പ്രത്യാരോപണങ്ങള്‍ ഒരുവശത്ത് ഇങ്ങനെ കൊഴുക്കുമ്പോഴും അമ്മ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുയാണ് തന്‍റെ ലക്ഷ്യമെന്ന് ജിസ്മോള്‍ പ്രതികരിച്ചു. ഏതായാലും തിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റമുണ്ടാക്കില്ല.

MORE IN SOUTH
SHOW MORE