മികവ് കാട്ടി കുട്ടിശാസ്ത്രജ്ഞർ‌; ശാസ്ത്ര പ്രവൃത്തി പരിചയ മേള ശ്രദ്ധേയം

ഊര്‍ജസംരക്ഷണത്തിന്റെ നവീന ആശയങ്ങളുമായി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം ശ്രീകാര്യത്തുവെച്ച് നടന്ന പ്രഥമ അഖില കേരള ടെക്നിക്കല്‍ സ്കൂൾ ശാസ്ത്ര-പ്രവര്‍ത്തി പരിചയ മേളയാണ് കുട്ടി ശാസ്ത്രജ്‍ഞരുടെ പരിരീക്ഷണശാലയായത്. മനസില്‍ ആശയ ബള്‍ബ് കത്തിയ കേരളത്തിലെ മുഴുവന്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമായെത്തി. 

റോഡിലെ ഹംബ് അപകടം കുറയ്ക്കുക മാത്രമല്ല ഊര്‍ജ സ്രോതസ്സുകൂടിയാണെന്നുള്ളതാണ് ഒരു പ്രധാന കണ്ടുപിടിത്തം. ഹംബിലൂടെ വാഹനങ്ങള്‍ കയറി ഇറങ്ങുമ്പോഴുണ്ടാകന്ന മര്‍ദ്ദമാണ് കുട്ടികള്‍ വൈദ്യുതിയാക്കി മാറ്റിയത്. മൊബൈല്‍ ഫോണിലൂടെ നല്‍കുന്ന സന്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ചക്രക്കസേരകള്‍ , ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിച്ച് നിര്‍മിച്ച വാക്വം ക്ലീനര്‍. എല്ലാം കാഴ്ച്ചക്കാരന് അത്ഭുതവും ആകാംഷയും നിറക്കുന്ന കണ്ടെത്തലുകള്‍. 

പഠനത്തില്‍ ആര്‍ജിച്ച കഴിവുകള്‍ വളര്‍ത്തുവാനും നിത്യജീവിതത്തില്‍ പ്രായോഗികമാക്കുവാനുമായാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര സാങ്കേതിക മേള നടത്തിയത്. സംസ്ഥാനത്ത് ആദ്യമായി നടത്തിയ മേള ഇന്നലെ വൈകിട്ടോടെ സമാപിച്ചു.