വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്; ആനവായില്‍ വൈദ്യുതിയെത്തി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി വനത്തിലെ ആനവായ് വിദൂര ഗോത്ര ഊരിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു. ആറരക്കോടി ചെലവില്‍ ഭൂഗര്‍ഭ കേബിള്‍ വഴിയാണ് വൈദ്യുതിയെത്തിച്ചത്. പട്ടികവർഗ വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി.

മുക്കാലിയില്‍ നിന്നും 12 കിലോമീറ്റർ അകലെ സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്നാണ് കുറുമ്പ ഗോത്ര ഊരുകളുള്ള ആനവായ് വനമേഖല. ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിലൂടെയാണ് 11 കെവി കേബിൾ വഴി ഊരിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. വിദൂര ഊരുകളായ തടികുണ്ട് ,മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ് , മേലെ ആനവായ് , കടുകുമണ്ണ എന്നിവിടങ്ങളിലും വൈദ്യുതീകരണം പൂർത്തിയായി. 4 വിതരണ ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിലുള്ളത്. 206 എ ടൈപ്പ് ഇരുമ്പ് തൂണുകളും , 145 കോൺക്രീറ്റ് തൂണുകളും ഉപയോഗിച്ചു.

2023 ഫെബ്രുവരിയിൽ പ്രവൃത്തി തുടങ്ങി. ജൂലൈയിൽ കേബിൾ സ്ഥാപിച്ചു. ഒക്ടോബറിൽ കെഎസ്ഇബി ജോലി പൂർത്തിയാക്കി. ഐടി ഡിപിയാണ് വീടുകളുടെ വയറിങ്ങ് നടത്തിയത്. മേലെ ആനവായ്, താഴെ ആനവായ് ഊരുകളിലെ 92 വീടുകളിൽ കഴിഞ്ഞ ദിവസം വൈദ്യുതി വിളക്ക് തെളിഞ്ഞു. ശേഷിക്കുന്ന വീടുകളിലേക്കും ഉടന്‍ വൈദ്യുതിയെത്തും.