ലോറികളുടെ ഓട്ടപ്പാച്ചില്‍ റോഡ് തകര്‍ന്നു; പൊടിശല്യവും രൂക്ഷം; ദുരിതം

മണ്ണ് ലോഡുമായി നിയന്ത്രണമില്ലാതെയുള്ള ലോറികളുടെ ഓട്ടം കാരണം തകർന്നടിഞ്ഞ് പാലക്കാട് ആനക്കര പഞ്ചായത്തിലെ മേലേഴിയം പള്ളിപ്പടി റോഡ്. ദേശീയപാത നിർമാണത്തിനാവശ്യമായ മണ്ണ് ഭാരവാഹനങ്ങളിൽ നിരന്തരം കൊണ്ടു പോവുന്നതാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്നാണ് പരാതി. പൊടിശല്യം രൂക്ഷമായതോടെ വ്യാപാരികളും ദുരിതത്തിലാണ്. 

കുമ്പിടി മേലേഴിയം ഭാഗത്തെ കുന്നിടിച്ച് നിരത്തിയാണ് മണ്ണെടുക്കുന്നത്. കഴിഞ്ഞ ആറുമാസത്തിലേറെയായി നിരന്തരം മണ്ണ് ലോഡുമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നതായി നാട്ടുകാര്‍. വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലൂടെ ഭാരമേറിയ ടോറസ് വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാല്‍ രണ്ടര കിലോമീറ്റർ റോഡ് പാടെ തകർന്നു. റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികര്‍ക്ക് പരുക്കേല്‍ക്കുന്നതും കൂടിയിട്ടുണ്ട്. 

തകർന്നടിഞ്ഞ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതുമൂലം പൊടിശല്യവും രൂക്ഷമായി. സ്ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത സാഹചര്യമെന്ന് വ്യാപാരികള്‍.  മണ്ണ് നീക്കാനുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതോടെ റോഡ് നവീകരിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം

Palakkad road issue