ഒറ്റപ്പാലത്ത് ചന്ദന കേസില്‍ അറസ്റ്റിലായവര്‍ക്ക് കൂടുതല്‍ കേസില്‍ പങ്ക്

sandal-wood
SHARE

ഒറ്റപ്പാലം പാവുക്കോണം കേന്ദ്രീകരിച്ചു നടന്ന രണ്ട് വ്യത്യസ്ത ചന്ദന ഇടപാടു കേസുകളിൽ പൊലീസിന്‍റെ പിടിയിലായ മൂന്നു പേരും ഒരേ സംഘത്തിലെ കണ്ണികളെന്നു വനം വകുപ്പിന്‍റെ കണ്ടെത്തൽ. പട്ടാമ്പി പൂവക്കോട് വനമേഖലയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയതിനു പിന്നിലും ഇവരാണെന്നു വനം വകുപ്പ് സ്ഥിരീകരിച്ചു.

പാവുക്കോണം കോട്ടക്കുളത്ത് ആക്രി സാധനങ്ങളുടെ ഗോഡൗണിൽ സൂക്ഷിച്ച 2906 കിലോ ചന്ദനം പിടിച്ച കേസിൽ അറസ്റ്റിലായ വാടാനാംകുറുശി പുതുക്കാട്ടിൽ ഹസനെയും സമീപത്തെ ക്വാറിയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ അറസ്റ്റിലായ അഷ്ടത്തുമന കോളനിയിലെ ധനേഷിനെയും മൂലയിൽത്തൊടി രാധാകൃഷ്ണനെയുംകോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് പൂവക്കോട്ടേ കേസിനു കൂടി തുമ്പായത്. 

മൂവരെയും പൂവക്കോട് വനമേഖലയിലെത്തിച്ചു  തെളിവെടുത്തു. ഇവിടെ നിന്നു മുറിച്ച ചന്ദനം വിറ്റെന്നാണു മൊഴി. ഇതു സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി വനം വകുപ്പ് അറിയിച്ചു. അതേസമയം, പാവുക്കോണത്തെ കേസുകളിൽ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി മൂവരെയും വീണ്ടും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി വീണ്ടും കോടതിയിൽ അപേക്ഷ നൽകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പി.ജിനേഷ് അറിയിച്ചു. ഇവരുടെ ചന്ദന ഇടപാടുകളെ കുറിച്ചു സമഗ്രമായി അന്വേഷിക്കാനാണു വനപാലകരുടെ നീക്കം. ചന്ദനം വാങ്ങുന്നതും വിൽക്കുന്നതുമായ കേന്ദ്രങ്ങൾ, ഇടപാടുകാർ, ഇടനിലക്കാർ എന്നിവരെ കുറിച്ചാണ് അന്വേഷണം. കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടക്കുളത്തെ തറവാട്ടു വീടിനോടു ചേർന്ന ആക്രി സാധനങ്ങളുടെ ഗോഡൗണിൽ വൻ ചന്ദനശേഖരം സൂക്ഷിച്ചതിന് ഹസനും  പാവുക്കോണത്തെ ക്വാറിയിൽ നിന്ന് ഫെബ്രുവരിയിൽ ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ മറ്റു രണ്ട് യുവാക്കളും ഒറ്റപ്പാലം പൊലീസിൻ്റെ പിടിയിലായത്. പിന്നീട് കേസുകൾ തുടരന്വേഷണത്തിനായി വനം വകുപ്പിന് കൈമാറുകയായിരുന്നു.

MORE IN NORTH
SHOW MORE