നിര്‍ത്തിയിടാന്‍ സൗകര്യമില്ല; 108 ആംബുലന്‍സിന്‍റെ സര്‍വീസ് അവസാനിപ്പിച്ചു

ambulance
SHARE

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിന്റെ സർവീസുകൾ അവസാനിപ്പിച്ചു. നിര്‍മാണം നടക്കുന്നതിനാല്‍ ആംബുലന്‍സ് നിര്‍ത്തിയിടാന്‍ സൗകര്യക്കുറവെന്ന് കാട്ടിയാണ് രോഗികൾക്കു സൗജന്യമായി ലഭിച്ചിരുന്ന സേവനം നിര്‍ത്തിയത്.

ആശുപത്രി കേന്ദ്രീകരിച്ച് രണ്ട് 108 ആംബുലൻസുകളാണ് സർവീസ് നടത്തിയിരുന്നത്. ഒരെണ്ണം കഴിഞ്ഞ മാസം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രണ്ടാമത്തേത് കഴിഞ്ഞദിവസം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കൽ കോളജിലേക്കും മാറ്റി. ആശുപത്രി സൂപ്രണ്ട് നൽകിയ കത്ത് പരിഗണിച്ചാണു മാറ്റമെന്നാണ് വിവരം. ആശുപത്രിയിൽ രണ്ട് ആംബുലൻസുകളുണ്ടെന്നും 108 ആംബുലൻസുകളെ ഒഴിവാക്കണമെന്നും കാണിച്ച് നേരത്തെ മുൻ സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവ നിർത്തിയിടാൻ സൗകര്യമില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. നിര്‍ധന രോഗികള്‍ക്കുള്ള സേവനം അവസാനിപ്പിച്ചത് ചിലരുടെ മാത്രം താല്‍പര്യം കൊണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആക്ഷേപം. 

ആംബുലൻസിന്റെ സേവനം നിർത്തിയതു സംബന്ധിച്ച് അറിയില്ലെന്നാണ് നിലവിലെ സൂപ്രണ്ട് ഡോ. അഹമ്മദ് അഫ്സലിന്റെയും നഗരസഭാധ്യക്ഷ കെ. ജാനകീദേവിയുടെയും വിശദീകരണം. 108 ആംബുലൻസുകളുടെ സേവനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Ottapalam taluk hospital 108 ambulance service

MORE IN NORTH
SHOW MORE