വനത്തില്‍ തളര്‍ന്നുവീണു; തുണിമഞ്ചലില്‍ കെട്ടി തോളിലേറ്റി ആശുപത്രിയിലെത്തിച്ചു

nenmaratreatment
SHARE

വനത്തില്‍ തളര്‍ന്നുവീണ് സ്വയം ചികില്‍സയിലായിരുന്ന അറുപത്തി ഒന്നുകാരനെ തുണി മഞ്ചലില്‍ കെട്ടി തോളിലേറ്റി ആശുപത്രിയിലെത്തിച്ചു. പാലക്കാട് അയിലൂര്‍ തളികക്കല്ല് കോളനിക്കാരനായ അപ്പുക്കുട്ടിയെയാണ് ഗ്രാമപ‍ഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ സാഹസികമായി താഴെയെത്തിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള അപ്പുക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. 

കല്‍ച്ചാടി, തളിക കല്ല് കോളനികളിലായി സ്ഥിര താമസമുള്ളവര്‍ മൂന്ന് മാസം മുന്‍പാണ് നെല്ലിയാമ്പതി മലനിരകള്‍ക്ക് താഴെ ഒലിപ്പാറയോട് ചേര്‍ന്നുള്ള വനത്തിനുള്ളിലേക്ക് മാറിയത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായിരുന്നു ഉള്‍വനത്തില്‍ താല്‍ക്കാലിക ഷെഡ് കെട്ടിയുള്ള താമസം. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കുന്നതിനിടെ അപ്പുക്കുട്ടിയുടെ വലതുവശം തളരുകയും, സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു. കാട്ടിലെ പച്ചിലമരുന്ന് ഉപയോഗിച്ച് സ്വയം ചികില്‍സിച്ച് ഇവര്‍ വനത്തില്‍ത്തന്നെ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം സമീപത്തെ തോട്ടം തൊഴിലാളിയാണ് കാട്ടരുവിയ്ക്ക് സമീപം പാറയിടുക്കില്‍ ടാര്‍പ്പോളില്‍ വലിച്ചുകെട്ടി താമസിക്കുന്നത് കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തംഗം കെ.എ.മുഹമ്മദ് കുട്ടിയും ഒലിപ്പാറയിലെ കയറ്റിറക്ക് തൊഴിലാളികളും ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്ന ഉള്‍വനത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. 

പ്രാഥമിക ചികില്‍സയ്ക്ക് ശേഷം മുള കൊണ്ടുള്ള തുണിമ‍ഞ്ചല്‍ കെട്ടി അപ്പുക്കുട്ടിയെ സാഹസികമായി ചുമന്ന് താഴേക്ക് ഇറക്കുകയായിരുന്നു. ആദ്യം നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. അപ്പുക്കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാടര്‍ വിഭാഗത്തില്‍പ്പെട്ട അപ്പുക്കുട്ടിയും കുടുംബവും വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി ഉള്‍വനത്തില്‍ താമസിക്കുന്നത് പതിവാണെന്നും പരമാവധി ആശുപത്രിയിലെത്തിയുള്ള ചികില്‍സയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനുള്ള ശ്രമം നടത്തുന്നവരാണെന്നും എസ്.സി പ്രമോട്ടറും പറഞ്ഞു.

MORE IN NORTH
SHOW MORE