വയനാട് പനമരം പഞ്ചായത്തിലെ കുണ്ടാല പാടം നികത്തുന്നതിനെതിരെ പ്രതിഷേധം. പൊതുവഴി കയ്യേറി പാടത്ത് മതില്‍ കെട്ടിയിട്ടും നടപടിയെടുക്കാന്‍ മടിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.

സ്വകാര്യ വ്യക്തിയുടെ ടൂറിസം നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് പാടം നികത്തുന്നത്. പാറയും കോണ്‍ക്രീറ്റുമുപയോഗിച്ച് പാടത്തിനു ചുറ്റും മതില്‍ കെട്ടിയിട്ടുണ്ട്. ഒരു വശത്ത് പാടം നികത്തി റോഡ് നിര്‍മിച്ചപ്പോള്‍ മറു വശത്ത് രണ്ടടി താഴ്ച്ചയില്‍ കിടങ്ങ് കുഴിച്ച നിലയിലാണ്. മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തികളില്‍ നാട്ടുകാര്‍ക്ക് ആശങ്കയിലാണ്.

സമീപത്തെ കുന്നില്‍ കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയാണ് പഞ്ചായത്ത് നല്‍കിയത് എന്നാണ് സെക്രട്ടറിയുടെ വാദം. പാടം നികത്തുന്നതായി പരാതി ലഭിച്ചതോടെ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചതായി സെക്രട്ടറി പറഞ്ഞു. പാടം കുഴിക്കുന്നതില്‍ പഞ്ചായത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്രീറ്റ് ഉപയോഗിച്ച് മതില്‍ കെട്ടിയതോടെ സമീപ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്താത്ത സ്ഥിതിയുണ്ടാകുമോ എന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.