മപ്പാട്ടുകര–പളളിക്കടവ് പാലം നിര്‍മാണം; 6 വർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ

മലപ്പുറം–പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്പാട്ടുകര–പളളിക്കടവ് പാലം നിര്‍മാണം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ച് വര്‍ഷം 6 കഴിഞ്ഞിട്ടും പാതിവഴിയിലാണ്. പാലം യാഥാര്‍ഥ്യമായാല്‍ ഇരു ജില്ലകളിലുമുളള യാത്രക്കാര്‍ക്ക് 15 കിലോമീറ്ററില്‍ അധികം ലാഭമുണ്ടാകും. 

തൂതപ്പുഴയുടെ ഇരുകരകളിലുമായി മലപ്പുറം ജില്ലയിലെ ഏലംകുളം  പളളിക്കടവിനേയും പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ മപ്പാട്ടുകരയേയും ബന്ധിപ്പിച്ച് പാലം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായുണ്ട്. 2016ല്‍ രൂപരേഖ തയാറാക്കി ഭൂമി ഏറ്റെടുക്കാനായി അതിര്‍ത്തി കല്ലുകളും സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പലവട്ടം ടോക്കണ്‍ തുക മാറ്റി വച്ചെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല.

പാലത്തിന് ഏറ്റവും ഉചിതമായ പ്രദേശമാണിതെന്ന് ഒൗദ്യോഗിക റിപ്പോര്‍ട്ടിലുമുണ്ട്. ഫണ്ടനുവദിച്ച് നിര്‍മാണം അതിവേഗം ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കര്‍മസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.  മഴക്കാലമായാല്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന തൂതപ്പുഴയിലൂടെ അല്‍പം  സാഹസികമായി തോണിയിലാണ് വിദ്യാര്‍ഥികള്‍ അടക്കമുളളവരുടെ യാത്ര.