കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കുറ്റ്യാടികനാല്‍ വീണ്ടെടുപ്പ്

കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കുറ്റ്യാടികനാല്‍ വീണ്ടെടുപ്പ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കനാല്‍ വൃത്തിയാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ ശുചീകരണത്തിനിറങ്ങിയത്.

കാടുമൂടി മരങ്ങള്‍ വളര്‍ന്ന് പൂര്‍ണമായും ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു കുറ്റ്യാടി കനാല്‍. പലയിടങ്ങളിലും പൊട്ടി പൊളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ കുറ്റ്യാടി ഡാമില്‍ നിന്നു വെള്ളം തുറന്നുവിട്ടാലും കൃഷിയിടത്തില്‍ എത്തില്ല. ഈ സാഹചര്യത്തിലാണ്  കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ കൈക്കോട്ടുമായി ഇറങ്ങിയത്. 75 കിലോ മീറ്റര്‍ നീളമുള്ള രണ്ട് മെയിന്‍ കനാലും മുന്നൂറു കിലോമീറ്റര്‍ ഉപകനാലുകളും രാവിലെ ഏഴുമണി മുതല്‍ വൃത്തിയാക്കി.

കുറ്റ്യാടി ജലസേചന പദ്ധതി പൂര്‍ത്തിയായി അമ്പത് വര്‍ഷം കഴി‍ഞ്ഞിട്ടും അതിന്റെ പ്രയോജനം പൂര്‍ണമായും കര്‍ഷകര്‍ക്ക് ലഭ്യമായിരുന്നില്ല. കനാല്‍ വൃത്തിയാക്കല്‍ ദൗത്യത്തിലൂടെ 36,000ഏക്കറില്‍ ജലസേചന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യവും ഉണ്ട്.