കൃഷിയിടത്തില്‍ നാശം വിതച്ച 87 കാട്ടുപന്നികളെ വെടിയുതിര്‍ത്ത് കൊന്നു

പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ കൃഷിയിടത്തില്‍ നാശം വിതച്ച 87 കാട്ടുപന്നികളെ വെടിയുതിര്‍ത്ത് കൊന്നു. മുപ്പതംഗ സംഘത്തിന്റെ രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നടപടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹെക്ടര്‍ കണക്കിന് കൃഷിയിടമാണ് പന്നിക്കൂട്ടം നശിപ്പിച്ചത്.

പതിമൂന്നിലധികം പാടശേഖരസമിതികളാണ് പഞ്ചായത്തിനോട് പന്നി ശല്യത്തെക്കുറിച്ച് പരാതി അറിയിച്ചത്. പിന്നാലെ വിപുലമായ യോഗം ചേര്‍ന്ന് പന്നിയെ വെടിയുതിര്‍ത്ത് കൊല്ലാന്‍ തീരുമാനിച്ചു. അംഗീകൃത തോക്ക് ലൈസന്‍സികളായ ദിലീപ് മേനോന്‍, സക്കീര്‍, സംഗീത്, നവീന്‍ എന്നിവരുെട നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് എണ്‍പത്തി ഏഴ് പന്നികളെ കൊന്നൊടുക്കിയത്. രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്നിയെ കൊല്ലാനായത്. 

കൂട്ടത്തോടെ വിള നശിപ്പിക്കാനെത്തിയ പന്നിക്കൂട്ടത്തെ പ്രത്യേക സംഘമായി തിരിഞ്ഞാണ് നേരിട്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.രജീഷിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ഇവര്‍ക്ക് സഹായമൊരുക്കി കൂടെയുണ്ടായിരുന്നു. ഹെക്ടര്‍ കണക്കിന് കൃഷിയിടത്തിലെ നെല്ലും ചേനയും ചേമ്പുമെല്ലാം പന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. ഒരു തരത്തിലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പഞ്ചായത്തില്‍ പരാതി നല്‍കിയതെന്നും കര്‍ഷകര്‍ പറഞ്ഞു. 

87 wild boars distroying farms were killed