കടുവാമൂഴിയിലെ വെൽനെസ് സെന്റർ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ഈരാറ്റുപേട്ടയിലെ കടുവാമൂഴിയില്‍ പ്രഖ്യാപിച്ച വെല്‍നെസ് സെന്റർ മാറ്റാനുള്ള നീക്കത്തിനെതിരെ നഗരസഭയിൽ പ്രതിഷേധം ശക്തം. സമരത്തിന്റെ ആദ്യഘട്ടമായി ചെയര്‍പഴ്‌സന്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ലീഗ് കൗണ്‍സിലര്‍ റിയാസ് പ്ലാമൂട്ടിലും എല്‍ഡിഎഫിനൊപ്പം ഭരണസമിതിക്കെതിരെ രംഗത്തുവന്നു. 

കേന്ദസര്‍ക്കാര്‍ പ്രഖ്യാപിച്ച 2 വെല്‍നസ് സെന്ററുകളില്‍ ഒരെണ്ണം ഈരാറ്റുപേട്ട കടുവമൂഴിയിൽ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിന് കെട്ടിടം ലഭ്യമാക്കുന്നതിനായുള്ള നടപടികൾ കഴിഞ്ഞ ബുധനാഴ്ച നഗരസഭാ കൗണ്‍സില്‍ പരിഗണിച്ചിരുന്നു. കടുവാമൂഴിയ്ക്ക് പകരം മുട്ടംകവലയിലെ കെട്ടിടം അംഗീകരിക്കരുതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ചെയര്‍പേഴ്‌സണ്‍ അനുവദിക്കാതിരുന്നതാണ് വലിയ പ്രതിഷേധത്തിലേയ്ക്ക് നീങ്ങിയത്. യോഗത്തിനിടെ കയ്യാങ്കളിയും ഉണ്ടായി. 

കടുവാമൂഴിയില്‍ നിന്നും സെന്റര്‍ മാറ്റാനുള്ള തീരുമാനം അനുവദിക്കില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്. ചെയര്‍പേഴ്‌സന്റെ ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് കുത്തിയിരുപ്പ് സമരവും നടത്തി. ഒരു ലീഗ് നേതാവിന്റെ ബന്ധുവിന് വേണ്ടിയാണ് മുട്ടംകവലയിലെ കെട്ടിടത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഭരണസമിതി നടത്തുന്നതെന്ന് ലീഗ് കൗണ്‍സിലര്‍  റിയാസ് പ്ലാമൂട്ടില്‍ പറഞ്ഞു. 

എന്നാല്‍  ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുറഞ്ഞ നിരക്കില്‍ ലഭിച്ച ക്വട്ടേഷന്‍ പാസാക്കുകയാണ് ചെയ്തതെന്നും ചെയർപേഴ്സന്‍ പറയുന്നു. ലീഗ് കൗൺസിലർ എല്‍ഡിഎഫിനൊപ്പം നിൽക്കുന്നത് മറ്റ് ചില ലക്ഷ്യങ്ങളോടെയാണെന്നും നേതൃത്വം ആരോപിച്ചു