പുതുവൽസരാഘോഷം ഒഴിവാക്കി; നിർധന കുടുംബത്തിന് സഹായധനം സ്വരൂപിച്ച് ക്ലബുകൾ

പുതുവല്‍സരാഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്ത് നടക്കുന്നതിനിടെ, ഒാരോ നാണയത്തുട്ടും സമാഹരിച്ച് നിർധന കുടുംബത്തിന്‍റെ ബാധ്യതകൾ തീർക്കാനുളള ശ്രമത്തിലായിരുന്നു മലപ്പുറത്തെ അഞ്ചു ക്ലബുകള്‍. പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ നിത്യരോഗിയുടെ ബാങ്ക് വായ്പ തീര്‍ക്കാനാണ് പണം സ്വരൂപിച്ചത്.

വണ്ടൂരിനടുത്ത പുളിശേരി എവര്‍ഷൈന്‍ ക്ലബിന്‍റെ നേതൃത്വത്തില്‍ സമീപത്തെ നാലു ക്ലബുകളും പുതുവല്‍സരാഘോഷങ്ങളെല്ലാം വേണ്ടന്നു വച്ചു. പകരം കുറ്റിയില്‍ മഠത്തില്‍കുന്ന് തോരപ്പറമ്പില്‍ മുജീബ് റഹ്മാന് ഒരിക്കലും മറക്കാനാവാത്ത പുതുവല്‍സരം സമ്മാനിച്ചു. വീടിന്‍റെ ആധാരം പണയപ്പെടത്തിയെടുത്ത രണ്ടര ലക്ഷത്തിന്‍റെ ബാങ്കുവായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധിയിലായിരുന്നു മുജീബ് റഹ്മാന്‍. പായസച്ചാലഞ്ച് നടത്തിയാണ് പണം സമാഹരിക്കാനായത്.

പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം പലചരക്കു കടയില്‍ ജോലി ചെയ്യുകയായിരുന്നു മുജീബ് റഹ്മാന്‍. പക്ഷാഘാതം തളര്‍ത്തിയതോടെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ജീവിതമാര്‍ഗം അടഞ്ഞു. വീട് തേയ്ക്കാന്‍ പോലുമായിട്ടില്ല. പുതുവല്‍സര ദിനത്തിലെ നാടിന്‍റെ കരുതല്‍ മുജീബ് റഹ്മാന് താല്‍ക്കാലികമായെങ്കിലും ആശ്വാസമാണ്.