ഇരുവഴഞ്ഞിപ്പുഴയില്‍ നീര്‍നായയുടെ ആക്രമണം അതിരൂക്ഷം

കോഴിക്കോട് കാരശേരിയിലെ ഇരുവഴഞ്ഞിപ്പുഴയില്‍ നീര്‍നായയുടെ ആക്രമണം അതിരൂക്ഷം. പുഴയൊരത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പുഴയില്‍ അലക്കാനെത്തിയ അമ്മയ്ക്കും മകള്‍ക്കും കഴിഞ്ഞദിവസം നീര്‍നായയുടെ കടിയേറ്റിരുന്നു. 

ഒന്‍പതുവയസുകാരി നജ ഫാത്തിമയുടെ വാക്കുകളില്‍ ആശ്വാസമുണ്ട്, ഭയവും. ഭാഗ്യം കൊണ്ടാണ് അമ്മയും മകളും രക്ഷപ്പെട്ടത്. വീട്ടാവശ്യങ്ങള്‍ക്കുള്‍പ്പെടെ പുഴയെ ആശ്രയിക്കുന്നവര്‍ക്ക് നീര്‍നായ ശല്യം കാരണം പുഴവക്കിലേക്ക് പോലും അടുക്കാനാകുന്നില്ല. 

മാളിയേക്കല്‍ കടവ് മുതല്‍ ചാലിയാറിലേക്ക് ഇരുവഴഞ്ഞിപ്പുഴ ഒഴുകിയത്തുന്ന കുട്ടക്കടവ് വരെയുള്ള ഭാഗത്താണ് നീര്‍നായയുടെ ആക്രമണം രൂക്ഷം. ഇവിടെ വനപാലക സംഘം കെണിവെച്ച് തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. വനംവകുപ്പ് അധികൃതരുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. കാരശ്ശേരി, കൊടിയത്തൂര്‍ ഭാഗത്ത് 5 പേരാണ് അടുത്തിടെ മാത്രം നീര്‍നായുടെ ആക്രമണത്തിന് ഇരയായത്.