അഗളി വില്ലേജ് ഓഫിസിൽ ഇന്റർനെറ്റ്‌ സംവിധാനം നിലച്ചിട്ട് രണ്ടാഴ്ച; പരിഹരിക്കാന്‍ ശ്രമമില്ലെന്ന് പരാതി

അട്ടപ്പാടി അഗളി വില്ലേജ് ഓഫിസിൽ ഇന്റർനെറ്റ്‌ സംവിധാനം നിലച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും പരിഹരിക്കാന്‍ ശ്രമമില്ലെന്ന് പരാതി. കരമൊടുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടു. അത്യാവശ്യ നടപടികള്‍ അടുത്തുള്ള സര്‍ക്കാര്‍ ഓഫിസിലെ വൈഫൈ സംവിധാനം വഴിയാണ് പൂര്‍ത്തിയാക്കുന്നത്. 

വില്ലേജ് ഓഫിസ് മുടക്കമില്ലാെത തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മുഴുവന്‍ ഉദ്യോഗസ്ഥരും പതിവായി കസേരയിലുമുണ്ട്. എന്നാല്‍ വ്യത്യസ്ത സേവനങ്ങള്‍ക്ക് എത്തുന്നവരോട് പിന്നീട് വന്നാല്‍ മതിയെന്ന് അറിയിച്ച് മടക്കിവിടേണ്ട സാഹചര്യമാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഓഫിസിലെത്തുന്ന ആദിവാസികള്‍ ഉള്‍പ്പെടെ നിരാശയോടെ മടങ്ങേണ്ട അവസ്ഥ. ബിഎസ്എന്‍എല്‍ നെറ്റ്്്വര്‍ക്കാണ് വില്ലേജ് ഓഫിസിലെ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും ഓണ്‍ലൈന്‍ സംവിധാനം പുനസ്ഥാപിക്കാനായില്ല. 

അടിയന്തരമായി ലഭ്യമാക്കേണ്ട സാക്ഷ്യപത്ര വിതരണത്തിന് അടുത്തുള്ള മറ്റ് സര്‍ക്കാര്‍  ഓഫിസുകളുടെ സഹായമാണ് ഉദ്യോഗസ്ഥര്‍ തേടുന്നത്. വൈഫൈ സംവിധാനത്തിലൂടെ കുറച്ച് നേരം വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും. ഇത് എത്രകാലം വേണ്ടിവരുമെന്ന സംശയമാണ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സേവനം തേടിയെത്തുന്നവര്‍ക്കുമുള്ളത്.