‘കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം തിരികെ വേണം’; പ്രതിഷേധിച്ച് അധ്യാപകർ

കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് എം.ഇ.ടി സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധം. മാനേജ്മെന്റിന്റെ പിടിവാശിയെന്ന് ആരോപിച്ച് രാത്രിയും സ്കൂളിൽ കുത്തിയിരുന്ന് ഇവര്‍ പ്രതിഷേധിച്ചു. കോവിഡ് കാലത്ത് കുറച്ച ശമ്പളം പിന്നീട് അനുവദിക്കുമെന്ന് പറഞ്ഞിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. 

കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം കുട്ടികളില്‍ നിന്ന് മുഴുവന്‍ ഫീസും കിട്ടുന്ന മുറയ്ക്ക് നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയിരുന്നതായി അധ്യാപകര്‍. കോവിഡ് കഴിഞ്ഞ് ഫീസ് പൂർണമായി പിരിച്ചെടുത്തിട്ടും വെട്ടിക്കുറച്ച ശമ്പളം നൽകാൻ മാനേജ്മെന്റ് തയാറായില്ല. 45 സ്ഥിരം അധ്യാപകരും അനധ്യാപകരുമാണ് ഇതോടെ പ്രതിഷേധം തുടങ്ങിയത്. കഴിഞ്ഞദിവസത്തെ യോഗത്തിന് ശേഷവും കോവിഡ് കാലത്ത് കുറച്ച ശമ്പളം നൽകാനാവില്ലന്ന നിലപാടാണ് മാനേജ്മെൻറ് ആവർത്തിച്ചത്. ഇതോടെ രാത്രി വൈകിയും കുത്തിയിരിപ്പ് പ്രതിഷേധം നീണ്ടു.

അതേസമയം കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം നൽകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് മാനേജ്മെന്റ് പ്രതിനിധികൾ. കോവിഡ് കാലത്ത് കുട്ടികളുടെ ഫീസില്‍ കുറവ് വരുത്തിയിരുന്നു. ഇനിയും തുക പിരിഞ്ഞുകിട്ടാനുണ്ട്. പല സ്ഥാപനങ്ങളും ശമ്പളം പൂര്‍ണമായും ഒഴിവാക്കിയപ്പോള്‍ കുറവു വരുത്തുക മാത്രമാണുണ്ടായതെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.