അടിസ്ഥാന സൗകര്യങ്ങളില്ലാതെ അട്ടപ്പാടി പുത്തൂരിലെ 9 ആദിവാസി ഊരുകൾ

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രതിസന്ധിയിലായി അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ഒന്‍പത് ആദിവാസി ഊരുകള്‍. വൈദ്യുതിയും കുടിവെള്ളവും ഇപ്പോഴും ഇവര്‍ക്ക് അന്യമാണ്. വികസന പദ്ധതികളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും പലതും രേഖയില്‍ മാത്രമെന്നാണ് അനുഭവം തെളിയിക്കുന്നത്. 

ഗലസി, മേലേ തുടുക്കി, താഴേ തുടുക്കി, കടുകുമണ്ണ, ആനവായ്, താഴെ ആനവായ്, തടിക്കുണ്ട്, മുരുഗള, കിണറ്റുക്കര എന്നീ ആദിവാസി ഊരുകളാണ് വികസന വഴി െതളിയാന്‍ കാത്തിരിക്കുന്നത്. പ്രാക്തന ഗോത്രവിഭാഗമായ കുറുംബരാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇരുപത്തിയൊന്ന് കോടി രൂപയുടെ കുറുംബ പാക്കേജ് സർക്കാർ നടപ്പാക്കിയെങ്കിലും ഫലം കണ്ടില്ല. സൈക്കിൾ പോലും കടന്നു പോകാത്ത വഴിയിലൂടെ കിലോമീറ്ററുകൾ വനത്തിലൂടെ നടന്നു വേണം ആദിവാസികൾക്ക് ഊരുകളിലെത്താന്‍. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച സോളാർ പദ്ധതി അറ്റകുറ്റപണികൾ നടക്കാതെ പ്രവര്‍ത്തന രഹിതമാണ്. തൊഴിലുറപ്പു പദ്ധതിയായിരുന്നു പ്രധാന ജീവിതമാർഗം. ഈ തൊഴില്‍ സൗകര്യങ്ങളും പരിമിതമായതോടെ കടുത്ത പ്രതിസന്ധിയിലെന്നാണ് പരാതി. 

രാത്രിയില്‍ ഉള്‍പ്പെടെ അസുഖബാധിതരെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ മണിക്കൂറുകള്‍ കാല്‍നടയായി താണ്ടണം. അട്ടപ്പാടിയില്‍ സമഗ്ര വികസനമെന്ന് പറയുന്നവര്‍ പുതിയ പദ്ധതി നടപ്പാക്കുന്നതിന് പകരം അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് ഊരിലുള്ളരുടെ അപേക്ഷ.