മഴ തുടങ്ങിയാൽ വീടുകൾ പുഴയിൽ; ദുരിതത്തിൽ പണിയ കോളനി നിവാസികൾ

മഴക്കാലമായാൽ വയനാട് നൂൽപ്പുഴയിലെ ചുണ്ടക്കുനി പണിയ കോളനിക്കാരുടെ വീടുകൾ വെള്ളത്തിലാണ്. കോളനിക്ക് സമീപത്തായി  വെള്ളം കയറാത്ത സ്ഥലത്ത് മാറ്റിപാർപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എട്ടുകുടുംബങ്ങളിലായി 27 പേരാണ് കോളനിയിലെ താമസക്കാർ. മഴ ശക്തമായാൽ ചുണ്ടക്കുനി പണിയകോളനിയിൽ വെള്ളം കയറും. സമീപത്തെ പുഴ കരകവിഞ്ഞ് കോളനിയിലേക്ക്  ഒഴുകുന്നതാണ് കാരണം. 

വെള്ളം കയറി തുടങ്ങുമ്പോഴേ കൈയിൽ കിട്ടിയ സാധനങ്ങളുമായി കുടുംബങ്ങൾ  ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറും. ചെളി നിറഞ്ഞ് വാസയോഗ്യമല്ലാത്ത വീട്ടിലേക്കാണ് തിരിച്ചെത്തുന്നത്. ഈ ദുരിതത്തിൽ നിന്നും മോചനം വേണമെന്നാണ് കോളനിക്കാരുടെ ആവശ്യം. കോളനിക്ക് സമീപം തന്നെ വെള്ളംകയറാത്ത പ്രദേശത്തേക്ക് കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്നാണ് ആവശ്യം.  പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.