കോഴിക്കോട് നഗരത്തിൽ നോക്കുകുത്തിയായി 17 വർഷം മുമ്പ് നിര്‍മാണം തുടങ്ങിയ പാർക്കിങ് പ്ലാസ

സംസ്ഥാനത്ത് ആദ്യമായി പാർക്കിങ് നയരേഖ കൊണ്ടുവന്ന കോഴിക്കോട് നഗരത്തിൽ ഇപ്പോഴും യാത്രക്കാര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ നെട്ടോട്ടം ഒാടണം. റയിൽവേ സ്റ്റേഷനു സമീപം പതിനേഴ് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ  പാർക്കിങ് പ്ലാസ പോലും ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.

ഒരേസമയം 90 കാറുകളും 25 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ വേണ്ടി കോഴിക്കോട് റയിൽവേ സ്റ്റേഷന് സമീപമുള്ള ലിങ്ക് റോഡിൽ നിർമാണം തുടങ്ങിയതാണ് ഈ പാർക്കിങ് പ്ലാസ. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിൽ ആധുനീക രീതിയിൽ വാഹനങ്ങൾ മുകളിലെ നിലകളിലേക്ക് എത്തിക്കാനുള്ള സംവിധാനവും പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ നാളിതുവരെയായിട്ടും പണി പൂർത്തിയാക്കാൻ മാറി വന്ന കോർപ്പറേഷൻ ഭരണസമിതിക്ക് സാധിച്ചില്ല.

മിഠായി തെരുവിന് സമീപം പുതിയൊരു പാർക്കിങ് പ്ലാസ നിർമിക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെ യാതൊരു നടപടികളുമുണ്ടായില്ല. നിലവിലെ ഭരണസമിതി പ്രഖ്യാപിച്ച സ്മാർട്ട് പാർക്കിങ്ങും ഏകദേശം ഇതേ അവസ്ഥയാണ്.