പന്തലിന് മുകളിലേക്ക് വൈദ്യുതി കാല്‍ മറിഞ്ഞ് വീണു; ആര്‍ക്കും പരുക്കില്ല

ഗൃഹപ്രവേശന ചടങ്ങിനായി ഒരുക്കിയ പന്തലിന് മുകളിലേക്ക് വൈദ്യുതി കാല്‍ മറിഞ്ഞ് വീണു. വയനാട് വൈത്തിരി നാരങ്ങക്കുന്നിൽ ഷെബീറലിയുടെ വീട്ടിൽ ആളപായം ഒഴിവായത് തലനാരിഴയ്ക്കാണ്. കെ.എസ്.ഇ.ബി പുതിയ വൈദ്യുതികാല്‍ ഉറപ്പില്ലാതെ സ്ഥാപിച്ചതാണ് അപകടകാരണമെന്നാണ് ആരോപണം.  

വൈത്തിരി ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് പുതുതായി നിർമ്മിച്ച വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിനിടെയാണ് അപകടം. വൈകിട്ട് 4 മണി മുതൽ വിരുന്നുകാർകായി സൽക്കാരം ഒരുക്കിയിരുന്നു. ഇതിനിടെയാണ് കെഎസ്ഇബി പുതുതായി സ്ഥാപിച്ച വൈദ്യുതിക്കാല്‍ പന്തലിന് മുകളിലേക്ക് മറിഞ്ഞു വീഴുന്നത്. ഭാഗ്യത്തിന് ആര്‍ക്കും പരുക്കേറ്റില്ല. ഉറപ്പില്ലാത്ത മണ്ണിൽ ചെറിയ കുഴിയെടുത്താണ് റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേർന്ന് വൈദ്യുതിക്കാല്‍ സ്ഥാപിച്ചതെന്നാണ് പരാതി. പഴയ വൈദ്യുതികാല്‍ നാല് മീറ്റർ അടുത്തുള്ളപ്പോള്‍ അനാവശ്യമായാണ് പണം ഈടാക്കി പുതിയ കാല്‍ സ്ഥാപിച്ചതായും ആക്ഷേപം.

അപകടത്തിനുശേഷം ഇവിടെയുള്ള പഴയ വൈദ്യുതക്കാലില്‍ തന്നെ കണക്ഷൻ പുനസ്ഥാപിച്ചു എന്നും നാട്ടുകാർ പറയുന്നു. പതിനാലായിരം രൂപ ഈടാക്കിയാണ് വീട്ടുമുറ്റത്ത് അപകടമുണ്ടാക്കിയ പുതിയ വൈദ്യുതിക്കാല്‍ അശാസ്ത്രീയമായി സ്ഥാപിച്ചതെന്നാണ് കുടുംബം പറയുന്നത്. കെഎസ്ഇബിക്ക് രേഖാമൂലം പരാതിനൽകിയിട്ടുണ്ട് ഷബീറലിയും കുടുംബവും.