ഒറ്റപ്പാലത്തെ പച്ചക്കറി ഏറ്റെടുത്ത് ഹോർട്ടി കോർപ്; കർഷകർക്ക് ആശ്വാസം

ഒറ്റപ്പാലം പനമണ്ണയിൽ വിപണിയില്ലാതെ പ്രതിസന്ധിയിലായ പച്ചക്കറി കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പും ഹോർട്ടി കോർപ്പും. രണ്ട് ടണ്ണോളം പച്ചക്കറിയാണ് കർഷകരിൽ നിന്നു സംഭരിച്ചത്. വിപണിയില്ലാതെ ലോഡ് കണക്കിനു പച്ചക്കറികൾ ചീഞ്ഞു നശിക്കുന്നതു സംബന്ധിച്ച മനോരമ ന്യൂസ് വാർത്തയെ തുടർന്നാണു നടപടി.

1000 കിലോ മത്തൻ, 600 കിലോ കുമ്പളൻ, 100 കിലോ വെള്ളരി എന്നിവയാണ് പനമണ്ണ പള്ളത്ത്പടി പച്ചക്കറി ഉൽപാദക സംഘത്തിലെ 14 കർഷകരിൽ നിന്നായി ആദ്യ ഘട്ടത്തിൽ ഹോർട്ടി കോർപ്പ് ഏറ്റെടുത്തത്. മൂന്നും ചേർത്ത് 300 കിലോയോളം പച്ചക്കറി അനങ്ങനടി കൃഷി ഭവൻ ഇടപെട്ട് പുറത്ത് ആവശ്യക്കാർക്കു വിൽപന നടത്തി. ശനിയാഴ്ച ഹോർട്ടി കോർപ്പിന്റെ രണ്ടാം ഘട്ട സംഭരണത്തിൽ 1500 കിലോ വീതം കുമ്പളനും മത്തനും ഏറ്റെടുക്കും.

സംഭരണം തുടങ്ങിയതോടെ കൃഷിയിടത്തിൽ അവശേഷിച്ചിരുന്ന പച്ചക്കറികളുടെ വിളവെടുപ്പു കൂടി പൂർത്തിയായി. 3500 കിലോ കുമ്പളൻ, 3000 കിലോ മത്തൻ, 500 കിലോ വെള്ളരി എന്നിവയാണ് സംഭരണ കേന്ദ്രത്തിലും കൃഷിയിടത്തിലുമായി കെട്ടിക്കിടന്നിരുന്നത്. വിളവെടുപ്പു തുടങ്ങിയ ഘട്ടത്തിൽ കണ്ണിയംപുറത്തെയും വാണിയംകുളത്തെയും പ്രാദേശിക വിപണികളിലായിരുന്നു വിൽപന. വിപണി നിർജീവമായതോടെയാണു വിളവെടുത്ത പച്ചക്കറികൾ കെട്ടിക്കിടപ്പായത്.