കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് പൂർത്തിയാക്കിയില്ല; കരാർ കമ്പനിയെ പുറത്താക്കി

കോഴിക്കോട് കോടഞ്ചേരിയില്‍ കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്ത കരാർ കമ്പനിയെ റോഡ് നിർമാണത്തിൽ നിന്ന് പുറത്താക്കി. കണ്ണോത്ത്- ഈങ്ങാപ്പുഴ റോ‍ഡിന്റ കരാറെടുത്ത നാഥ് കൺസ്ട്രക്ഷൻസിനെതിരെയാണ് നടപടി.  സമാന കാരണത്താല്‍ കഴിഞ്ഞിടെ മറ്റൊരു കരാറില്‍ നിന്നും ഇതേ കമ്പനിയെ ഒഴിവാക്കിയിരുന്നു.  

ഏഴുകോടി രൂപ ചെലവിൽ ആറു കിലോമീറ്റർ റോഡ് ആധുനീക രീതിയിൽ പുതുക്കി പണിയാനായിരുന്നു പദ്ധതി. ഒന്‍പതു മാസം കൊണ്ട് പണി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ മൂന്ന് വർഷമായിട്ടും പണി പൂർത്തിയാക്കാഞ്ഞതോടെയാണ് കരാറുകാരെ ഒഴിവാക്കിയത്. പൊട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. 

കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാതിരുന്നതിനാല്‍  കൈതപ്പോയില്‍ അഗസ്ത്യൻമൂഴി റോഡിന്റെ നിർമാണ കരാറിൽ നിന്നും നാഥ് കൺസ്ട്രക്ഷനെ പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്തിരുന്നു.