ആരോഗ്യ ഉപകേന്ദ്രം കാലങ്ങളായി തുറക്കുന്നില്ല; ചികില്‍സാ സൗകര്യങ്ങളില്ലാതെ നടവയല്‍

ആരോഗ്യ–ചികില്‍സാ സൗകര്യങ്ങളുടെ അപര‌്യാപ്തതയില്‍ വയനാടിന്റെ ഹൃദയഭാഗമായ നടവയല്‍ പ്രദേശം. മൂന്ന് നിയോജകമണ്ഡലങ്ങളിലായി വിഭജിച്ചുകിടക്കുന്ന നടവയലിലെ ആകെയുള്ള ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിശ്ചലമായി. കാലങ്ങളായി സബ് സെന്റര്‍ തുറക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

എഴുപതിലധികം പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലായി ആയിരക്കണക്കിന് ആദിവാസികളുള്ള നടവയലില്‍ ആകെയുള്ളത് ഈ ആരോഗ്യ ഉപകേന്ദ്രം മാത്രമാണ്. നേരത്തെ പേരിനെങ്കിലും പ്രവര്‍ത്തിച്ചിരുന്ന ഇവിടം ഇപ്പോള്‍ പൂട്ടിയ അവസ്ഥയിലാണ്. പരിസരമാകെ കാട് മൂടി കിടക്കുകയാണ്. അടിയന്തരഘട്ടത്തില്‍ പോലും ചികില്‍സാ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയില്‍ എത്തണമെങ്കില്‍ ഇരുപത് കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിക്കണം. മിക്ക മഴക്കാലങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളുടെ കേന്ദ്രമായി പ്രദേശത്തെ ആദിവാസി കോളനികള്‍ മാറാറുണ്ട്. 

പതിറ്റാണ്ടുകള്‍മുമ്പ് സ്ഥാപിച്ച ആരോഗ്യഉപകേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല.  സര്‍ക്കാരുകളില്‍നിന്ന്‌ ലഭിച്ച ഉറപ്പുകളെല്ലാം പാഴായി. ആരോഗ്യ ഉപകേന്ദ്രം ഡോക്ടറുടെ സേവനത്തോടെ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് പദ്ധതിയിടുകയാണ് നാട്ടുകാര്‍.