ശമ്പളമില്ല; കഞ്ഞിപാത്രം കൊട്ടി പ്രതിഷേധിച്ച് മെഡിക്കൽ കോളജ് ജീവനക്കാർ

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ കഞ്ഞി പാത്രം കൊട്ടി പ്രതിഷേധം. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിന് ശേഷം കൃത്യ സമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. 

മെഡിക്കൽ കോളജ് ജീവനക്കാർക്ക് ഓരോ മാസവും സർക്കാർ അനുവദിക്കുന്ന തുക ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം  ജീവനക്കാർക്ക് വിതരണം ചെയ്യുന്ന രീതിയായിരുന്നു നടന്നിരുന്നത്. എന്നാൽ ഇനി മുതൽ ശമ്പളം സ്പാർക്ക് വഴി വിതരണം ചെയ്താൽ മതിയെന്ന സർക്കാർ തീരുമാനമാണ് ഏപ്രിൽ മാസത്തെ ശമ്പളം മുടക്കിയത്. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടുമില്ല.

ശമ്പളം മുടങ്ങിയതോടെ  മെഡിക്കൽ കോളജിലെ രണ്ടായിരത്തോളം വരുന്ന ജീവനക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനാൽ  കഴിഞ്ഞ നാല് വർഷമായി ക്ഷാമബത്ത, ശമ്പള വർധനവ് , സ്ഥാനക്കയറ്റം എന്നിവ ലഭിക്കുന്നില്ലെന്നും  ജീവനക്കാർ  പരാതിപ്പെടുന്നു.