ചരക്ക് നീക്കം തടസപ്പെട്ടു; പാലക്കാട്ട് ഭക്ഷ്യധാന്യ വിതരണ പ്രതിസന്ധി രൂക്ഷം

എഫ്സിഐ ഗോഡൗണില്‍ നിന്നുള്ള ചരക്ക് നീക്കം തടസപ്പെട്ടതോടെ പാലക്കാട് നഗരത്തിലെ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യ വിതരണ പ്രതിസന്ധി. ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും കൃത്യമായ അളവില്‍ റേഷനെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് വ്യാപാരികള്‍. ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റിറക്കുന്നതിനെച്ചൊല്ലിയുള്ള തൊഴിലാളി തര്‍ക്കം നീളുന്നതാണ് തടസം. 

പാലക്കാട് താലൂക്കില്‍ 167 റേഷന്‍ ക‍‍‍ടകളിലായി 1.77 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുണ്ട്. ഇതില്‍ മുന്‍ഗണന വിഭാഗത്തില്‍ മാത്രം മുക്കാല്‍ ലക്ഷത്തോളമുണ്ട്. ഒരു ലക്ഷത്തിലേെറ നീല, വെള്ള കാര്‍ഡുകാരും. ഇതില്‍ എഴുപത് ശതമാനത്തോളം മാത്രമേ ഭക്ഷ്യധാന്യം വാങ്ങിയിട്ടുള്ളൂ. ബാക്കിയുള്ളവരുടെ റേഷന്‍ വിതരണത്തിലാണ് പ്രതിസന്ധി. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യധാന്യം നഷ്ടമാകും. മേയ് പത്ത് വരെയെങ്കിലും സമയം നീട്ടി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

കഞ്ചിക്കോട് ഗോഡൗണില്‍ നിന്നാണു പാലക്കാട് താലൂക്കിലെ റേഷന്‍ കടകളിലേക്കു വാതില്‍പടി വിതരണം നടത്തുന്നത്. ലോറിയിലെ കയറ്റിറക്കിനെച്ചൊല്ലി തൊഴിലാളികള്‍ സമരത്തിലായതിനാല്‍ ഇവിടെ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം ദിവസങ്ങളോളം തടസപ്പെട്ട അവസ്ഥയാണ്. പല കടകളിലും വിഷുവിന് പോലും ഭക്ഷ്യധാന്യം കൃത്യമായി കൊടുക്കാന്‍ പറ്റിയിരുന്നില്ല. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് വിതരണം ആരംഭിച്ചെങ്കിലും പൂര്‍ണമായിട്ടില്ല. താലൂക്കിലെ അവസ്ഥ ചൂണ്ടിക്കാട്ടി സപ്ലൈ ഓഫിസറും സമയം നീട്ടി നല്‍കാന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.