കോൺഗ്രസ് അനുഭാവികൾക്ക് വസ്തുവും വീടും; പ്രതിഷേധവുമായി സിപിഎം

സമരം ചെയ്ത കോൺഗ്രസ് അനുഭാവികൾക്ക് വസ്തുവും വീടും നൽകാൻ അനുമതി നൽകിയ സര്‍ക്കാര്‍ അർഹരായ മറ്റ് കുടുംബങ്ങളെ തഴഞ്ഞതായി ആരോപിച്ച് സിപിഎം പ്രതിഷേധം. പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ സ്ത്രീകളും കുട്ടികളുമാണ് പാർട്ടി കൊടിയുമേന്തി കൊല്ലങ്കോട് ബ്ലോക്ക് ഓഫിസിന് മുന്നിൽ സമരമിരുന്നത്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആനുകൂല്യം വൈകില്ലെന്ന ഉദ്യോഗസ്ഥരുെട ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.  

ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ നാൽപ്പത്തി രണ്ട് കുടുംബങ്ങളാണ് ആദ്യഘട്ട സമരത്തിലുണ്ടായിരുന്നത്. നൂറ് ദിവസത്തിലേറെയായി മുതലമട പഞ്ചായത്ത് ഓഫീസിനു മുന്നിലും കലക്ടറേറ്റ് പരിസരത്തും സമരം നീണ്ടതോടെ കോൺഗ്രസ് അനുഭാവികളുടെ ആനുകൂല്യം ഉറപ്പാക്കാൻ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു. വസ്തുവും വീടും അനുവദിക്കുമെന്നറിയിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറങ്ങി. അതേ കോളനിയിലുള്ള പാർട്ടിക്കാരായ കുടുംബങ്ങളെ അവഗണിക്കുകയും കോൺഗ്രസിൽ നിന്ന് വന്നവർക്ക് ആനുകൂല്യം ഉറപ്പാക്കാൻ ഇടപെട്ടതിലായിരുന്നു പ്രതിഷേധം. നാൽപ്പത്തി രണ്ട് കുടുംബങ്ങൾക്കൊപ്പം ഇവരെയും പരിഗണിക്കുമെന്നും അപേക്ഷ നൽകാൻ പട്ടികജാതി വികസന ഓഫീസർ ഇടപെട്ടതായും സിപിഎം നേതൃത്വം.

ആനുകൂല്യ വിതരണത്തിന് അര്‍ഹതയുള്ള അൻപത് കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും. ആവശ്യം നടപ്പായില്ലെങ്കിൽ സിപിഎമ്മിന്റെയും  ഡിവൈഎഫ്ഐയുടെയും കൊടിപിടിച്ചുള്ള പ്രതിഷേധത്തിന്റെ തീവ്രത കൂട്ടുമെന്നാണ് കോളനിക്കാരുടെ നിലപാട്.