സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു; ഇപ്പോൾ നോക്കുക്കുത്തിയായി ഒരു കെട്ടിടം

കൃത്യമായ ആസൂത്രണമില്ലാതെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടം നോക്കുക്കുത്തിയായി നശിക്കുന്നു. വയനാട് മാനന്തവാടിയില്‍ വര്‍ഷങ്ങള്‍ മുന്‍പ് നിര്‍മിച്ച കെട്ടിടമാണ് ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്നത്.

മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി മാനന്തവാടി എംഎല്‍എ ആയിരുന്ന സമയത്താണ് നഗരത്തിലെ സൗന്ദര്യവത്കരണ നടപടികള്‍ ആരംഭിച്ചത്. വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പടെ വേണ്ടിയാണ് ഈ കാണുന്ന കെട്ടിടവും മറ്റും നിര്‍മിച്ചത്. പക്ഷെ ഇതിന്റെ ഉപയോഗമെന്താണെന്ന് വര്‍ഷമിത്ര കഴിഞ്ഞിട്ടും നാട്ടുകാര്‍ക്ക് മനസിലായിട്ടില്ല. ചിലര്‍ ബസ് കാത്തിരിപ്പ് കേന്ദ്രമാണെന്ന് ഇതിനെ കരുതിയെങ്കിലും ഇരിക്കാനുള്ള സംവിധാനമില്ല.

കോഴിക്കോട്–മാനന്തവാടി റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം മദ്യപരുടെയും സാമൂഹികവിരുദ്ധരുടെ താവളമാകുന്നതായി പരാതിയുണ്ട്. ഇത് പൊളിച്ചുനീക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മതിയായ ആസൂത്രണമില്ലാതെ പൊതുപണം പാഴാക്കി കളയുന്നതിന്റെ സ്മാരകം കൂടിയാണ് ഈ കെട്ടിടമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.