കണ്ണീരൊപ്പി 'കെയർ ഹോം' പദ്ധതി; 40 കുടുംബങ്ങൾക്ക് വീട് കൈമാറി

സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയില്‍ നാല്‍പത് കുടുംബങ്ങള്‍ക്ക് വീട് പണിതു നല്‍കി. തൃശൂര്‍ പഴയന്നൂരിലാണ് ഒറ്റയടിയ്ക്കു നാല്‍പതു വീടുകള്‍ പണി കഴിച്ച് കുടുംബങ്ങള്‍ക്ക് കൈമാറിയത്. 

ഒരേ ഇടത്ത് നാല്‍പതു വീടുകളാണ് കുടുംബങ്ങള്‍ക്കായി പണിതത്. പ്രളയബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയിലാണ് ഈ വീടുകള്‍ നല്‍കിയത്. സഹകരണ വകുപ്പാണ് കെയര്‍ഹോം പദ്ധതി നടപ്പാക്കുന്നത്. കെയര്‍ഹോം പദ്ധതിപ്രകാരമുള്ള ആദ്യത്തെ ഭവനസമുച്ചയങ്ങളാണിത്. 432 സ്ക്വയര്‍ഫീറ്റിലാണ് ഓരോ വീടുകളും നിര്‍മിച്ചിട്ടുള്ളത്. രണ്ടു കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും അടങ്ങുന്നതാണ് ഭവനം. കുട്ടികള്‍ക്കായി പൊതുകളിസ്ഥലം. മുതിര്‍ന്നവര്‍ക്കായി ഓപ്പണ്‍ ജിം, ഇങ്ങനെ പോകുന്ന സൗകര്യങ്ങളുടെ പട്ടിക.  പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ സമുച്ചയത്തില്‍ പാര്‍പ്പിടം കിട്ടി. വീടില്ലാത്ത കുടുംബങ്ങള്‍ക്കും ഭവനങ്ങള്‍ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി വി.എന്‍.വാസവന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ.രാജന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.