കനത്തമഴയിൽ കൃഷിനാശം; കൊളവയലില്‍ മാത്രം ലക്ഷക്കണക്കിന് പച്ചക്കറി കൃഷി നശിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ കാസര്‍കോട് ജില്ലയില്‍ പലയിടങ്ങളിലായി കൃഷിനാശം. അജാനൂര്‍ കൊളവയല്‍ ഭാഗത്തുമാത്രം ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറി കൃഷി നശിച്ചു.

കൊളവയൽ പാടശേഖരത്തിലെ ചീരയടക്കം ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷിയാണ് നശിച്ചത്. പത്ത് ഏക്കറോളം സ്ഥലത്തെ കൃഷി വെള്ളത്തിലായി. വളര്‍ച്ചയെത്തി തുടങ്ങിയ ചീരത്തൈകളാണ് കൂടുതലായി നശിച്ചത്. പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ നഷ്ടക്കണക്ക് എടുത്തു തുടങ്ങി. 

ചീര, പയർ, മത്തൻ തുടങ്ങിയ പച്ചക്കറികൾ ഒരാഴ്ച മുൻപാണ് നടീൽ പൂർത്തിയാക്കിയത്. മുളച്ച് തുടങ്ങിയ പച്ചക്കറി പൂർണമായും വെള്ളത്തിൽ മുങ്ങി. പാട്ടത്തിനെടുത്ത ഭൂമിയിൽ ലോൺ എടുത്താണ് കർഷകർ കൃഷിയിറക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അജാനൂര്‍ പഞ്ചായത്തിലെ 18, 19 വാര്‍ഡുകളിലെ കര്‍ഷകര്‍ക്ക് മാത്രമുണ്ടായിരിക്കുന്നത്.