ആറുവർഷമായി ശമ്പളമില്ല; നിയമന അംഗീകാര ഉത്തരവ് ലഭിക്കാതെ 74 അധ്യാപകർ

teachers-16
SHARE

ആറു വര്‍ഷമായി ശമ്പളം ലഭിക്കാതെ എഴുപത്തിനാല് അധ്യാപകര്‍. കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് നിയമന അംഗീകാര ഉത്തരവ് ലഭിക്കാത്തതിനാല്‍ ദുരിതത്തിലായത്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്  കെ.പി.ഷാജു സ്വന്തം സ്കൂളിനെതിരെ വ്യാജ പരാതി നല്‍കിയതിനാലാണ്  നിയമന അംഗീകാരം വൈകുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്കൂളിനെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ അധ്യാപകരും കുടുംബാംഗങ്ങളും  മാര്‍ച്ചും ധര്‍ണയും  നടത്തി.

സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അധ്യാപകരുടെ നിയമന അംഗീകാരത്തിന് തടസം. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.  നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കന്‍ററി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ച്, സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ കെട്ടിടത്തിനെതിരെ  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്  കെ പി ഷാജു തന്നെ പരാതി നല്‍കി. കെട്ടിടത്തിന് ഫയര്‍ സ്റ്റെയര്‍ ,ലിഫ്റ്റ് എന്നിവയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നതെന്നും 2016 മുതല്‍ നിയമിതരായവരുടെ സ്ഥിരപ്പെടുത്തല്‍ നടപടികള്‍ തടസപ്പെടുത്തുകയാണെന്നും  അധ്യാപകര്‍ പറയുന്നു. സ്കൂളിനെ തകര്‍ക്കാന്‍  കെ പി ഷാജു ശ്രമിക്കുകയാണെന്ന് ചൂണ്ടികാട്ടി അധ്യാപകരും കുടുംബാംഗങ്ങളും  മാര്‍ച്ചും ധര്‍ണയും  നടത്തി. 

പല അധ്യാപകരും ആത്മഹത്യയുടെ വക്കിലാണെന്നും അധികൃതര്‍ ഇടപെട്ട് സുരക്ഷ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നുമാണ് നിയമന അംഗീകാര ഉത്തരവ് കാത്തിരിക്കുന്ന അധ്യാപകര്‍ക്ക് പറയാനുള്ളത്. ഏഴായിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കടമ്പൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പാഠ്യ–പാഠ്യേതര രംഗങ്ങളില്‍ സംസ്ഥാനത്തു തന്നെ മുന്‍നിരയിലാണ്. 

MORE IN NORTH
SHOW MORE