മലയോരമേഖലയിൽ വന്യമൃഗശല്യം; ആക്രമണത്തിൽ നാട്ടുകാരന് പരുക്ക്

മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ വന്യമൃഗശല്ല്യത്തിനൊപ്പം കാട്ടുപന്നിയുടെ ആക്രമണവും പതിവാകുന്നു. കാളികാവ് പേവുന്തറ സ്വദേശി പൂവ്വത്തിക്കൽ മുഹമ്മദ് അഷ്റഫിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റതാണ് ഒടുവിലത്തെ സംഭവം.

കൂലിപ്പണിക്കാരനായ അഷ്റഫ് വീടിനടുത്തുള്ള പുഴയിലേക്ക് കുളിക്കാനായി പോവുബോഴാണ് കൂറ്റൻ പന്നി ആക്രമിച്ചത്. വലതുകാലിന്‍റെ അസ്തി ഒടിഞ്ഞതിനൊപ്പം നീളത്തിൽ കാലിന്‍റെ മസിൽ അടർന്നു പോയി.  കുത്തേറ്റ് വീണ ശേഷം ഒാടി രക്ഷപ്പെടാനാവാതെ വീണ്ടും ആക്രമണത്തിന് ഇരായി. കാട്ടുപന്നി ഉപേക്ഷിച്ചു പോയതുകൊണ്ടാണ് അഷ്റഫിന് ജീവന്‍ ബാക്കിയായത്.

കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മലയോരമേഖലയിര്‍ പത്തിലധികം പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. 

ഗുരുതരമായ പരുക്കേറ്റവരെ പോലും വനം ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. കരുവാരകുണ്ടില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ചതും മാസങ്ങള്‍ക്കു മുന്‍പാണ്.