മല്‍സ്യബന്ധന വള്ളങ്ങള്‍ക്ക് ഭീഷണിയായി മണൽത്തിട്ട; ഡ്രഡ്ജിങ് നടത്തിയില്ല

കണ്ണൂര്‍ പാലക്കോട് അഴിമുഖത്തെ മണൽത്തിട്ട മല്‍സ്യബന്ധന വള്ളങ്ങള്‍ക്ക് ഭീഷണിയാകുന്നു. തീരപ്രദേശത്ത് കൃത്യസമയത്ത് ഡ്രഡ്ജിങ് നടത്തി മണല്‍ത്തിട്ട നീക്കാത്തതാണ് അപകടഭീഷണിയാകുന്നത്. മല്‍സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ കരയില്‍ക്കയറ്റാന്‍ പോലും പലപ്പോഴും സാധിക്കാറില്ല.   

പാലക്കോട് പുലിമുട്ടില്ലാത്ത അഴിമുഖത്ത് ഡ്രജ്ജിങ് നടത്തി മണൽ നിക്കാത്തതാണ് വള്ളങ്ങള്‍ക്ക് ഭീഷണിയാകുന്നത്. കടലിൽ നിന്ന് തിരിച്ച് വന്നാലും ഹാർബറിലേക്ക് വള്ളങ്ങൾ തിരിച്ചുകയറ്റാൻ സാധിക്കാത്ത രീതിയിൽ മണൽത്തിട്ട രൂപപ്പെട്ടിരിക്കുന്നു. വേലിയേറ്റ സമയത്താണ് വള്ളങ്ങള്‍ തിരിച്ചുകയറ്റാനാവുക. മണല്‍ത്തിട്ടയില്‍ത്തട്ടി ചില ബോട്ടുകളുടെ യന്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാറ്റിലും മഴയിലുംപ്പെട്ട വള്ളം മണല്‍ത്തിട്ടയിലിടിച്ച് അഞ്ചുതൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു. അപകടങ്ങളും അപകടസാധ്യതകളും തുടര്‍ക്കഥയായിട്ടും മണല്‍ത്തിട്ട നീക്കാനുള്ള നടപടികളൊന്നുമില്ല. 

മല്‍സ്യബന്ധത്തിന് പോയി സുരക്ഷിതമായി ഹാർബറിൽ തിരികെയെത്താൻ കഴിയുംവിധം പുലിമുട്ടോ സുരക്ഷിതമായ അഴിമുഖമോ നിർമിക്കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ വിമര്‍ശനം.