തെങ്ങും കവുങ്ങും പിഴുതെറിഞ്ഞു; നെൻമാറയിൽ കാട്ടാനശല്യം രൂക്ഷം; ലക്ഷങ്ങൾ നഷ്ടം

പാലക്കാട് നെന്മാറയില്‍ കാട്ടാനക്കൂട്ടം ഏക്കര്‍ക്കണക്കിന് കൃഷി നശിപ്പിച്ചു. കള്ളിയമ്പാറയിലും വേലങ്കോട്ടിലുമാണ് തെങ്ങും കവുങ്ങും വാഴകളും പിഴുതെറിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. 

പത്തിലധികം കര്‍ഷകരുടെ ഏറെ നാളത്തെ പരിശ്രമമാണ് കാട്ടാനക്കൂട്ടം നിമിഷനേരം കൊണ്ട് തകര്‍ത്തത്. കഴിഞ്ഞ രണ്ട് തവണയും ഒറ്റയാനായിരുന്നു കൃഷി നശിപ്പിച്ചതെങ്കില്‍ ഇത്തവണ കുട്ടിയുള്‍പ്പെടെയുള്ള ആനക്കൂട്ടമാണ് വ്യത്യസ്ത ഇടങ്ങളിലെ വിളകള്‍ ഉപയോഗശൂന്യമാക്കിയത്. തെങ്ങും കവുങ്ങും പിഴുതെറിഞ്ഞു. വാഴകള്‍ പൂര്‍ണമായും ചവിട്ടി ഒടിച്ചിട്ടു. കള്ളിയമ്പാറ, വേലങ്കോട് മേഖലയില്‍ പല കര്‍ഷകര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കൃഷിയിടങ്ങളില്‍ ചിലത് പൂര്‍വസ്ഥിതിയിലാക്കുന്നതിനും വന്‍തുക വേണ്ടിവരും. കെ.ബാബു എം.എല്‍.എയും വനപാലകരും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. 

കര്‍ഷകര്‍ സ്വന്തംനിലയില്‍ സ്ഥാപിച്ച സോളര്‍ േവലിയും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനാതിര്‍ത്തിയില്‍ അവശേഷിക്കുന്ന ഭാഗങ്ങളില്‍ വൈദ്യുതി വേലി സ്ഥാപിക്കുന്നതിനൊപ്പം നഷ്ടപരിഹാരത്തുക വേഗം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ആക്രമണമുണ്ടായ ഇടങ്ങളില്‍ വനപാലകരുടെ സാന്നിധ്യം ഉറപ്പാക്കാനും തീരുമാനിച്ചു.