മണ്ണാർക്കാട്ടെ തീപിടിത്തം; അണയ്ക്കാൻ വൈകിയെന്ന് പരാതി; രാഷ്ട്രീയപ്പോര്

പാലക്കാട് മണ്ണാര്‍ക്കാട്ടെ ഹോട്ടലിലെ തീപിടുത്തത്തില്‍ അഗ്നിശമനസേന തീയണയ്ക്കാന്‍ വൈകിയെന്ന ആരോപണത്തില്‍ രാഷ്ട്രീയ വിവാദം. നഗരസഭ കൗണ്‍സിലറുടെ പരാതിക്ക് പിന്നാലെ മോശം പരാമര്‍ശവുമായി കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി രംഗത്തെത്തി. ഭീഷണി വേണ്ടെന്നും പി.കെ.ശശി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ലീഗ് നേതൃത്വവും പ്രതിഷേധം സംഘടിപ്പിച്ചു. 

നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവറിലെ ഹോട്ടലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അഗ്നിശമനസേനയെത്താന്‍ വൈകിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നായിരുന്നു കൗണ്‍സിലര്‍ ഷെഫീഖ് റഹ്മാന്റെ വിമര്‍ശനം. അപകടത്തിന് പിന്നാലെ കൗണ്‍സിലര്‍ നടത്തിയ പരാമര്‍ശമാണ് പി.കെ.ശശിയെ ചൊടിപ്പിച്ചത്. നഗരസഭ ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ വീഴ്ച മറച്ചുവയ്ക്കാനാണ് കൗണ്‍സിലര്‍ വാതോരാതെ കുറ്റം പറഞ്ഞതെന്നും നല്ലത് ചെയ്താലും വകുപ്പുകള്‍ക്കെതിരെ മോശം പറയുന്നത് ചിലരുടെ സ്ഥിരം ശൈലിയാണെന്നും പി.കെ.ശശി. 

പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് പി.കെ.ശശിയുടേതെന്നും കൗണ്‍സിലര്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ഹോട്ടല്‍ കെട്ടിടത്തിലുണ്ടായ അഗ്നിബാധയെക്കാള്‍ തീവ്രമായ രാഷ്ട്രീയ ആരോപണമാണ് സിപിഎം ലീഗ് നേതൃത്വങ്ങള്‍ ഉന്നയിക്കുന്നത്. യുവജനസംഘടനകള്‍ കൂടി വിവാദം ഏറ്റെടുത്തതോടെ രാഷ്ട്രീയ ബലാബലം തുടരുകയാണ്.