കുമരംപുത്തൂരിൽ പകലും കാട്ടാന ശല്യം; വൻ കൃഷിനാശം; ഭയന്ന് ജനങ്ങൾ

wilelephant-11
SHARE

പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം ഏക്കര്‍ക്കണക്കിന് കൃഷിനശിപ്പിച്ചു. രണ്ട് ദിവസമായി കുട്ടിയുള്‍പ്പെടെയുള്ള അഞ്ചംഗ കാട്ടാനക്കൂട്ടം പകല്‍സമയത്തും കൃഷിയിടത്തിലിറങ്ങി വിള നശിപ്പിക്കുന്ന അവസ്ഥയാണ്. വിവിധ കര്‍ഷകരുടെ ആയിരത്തിലധികം വാഴകളും കവുങ്ങും മരത്തിന്റെ തോലുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. 

രാത്രി രണ്ടുമണിയോടെ എത്തുന്ന ആനക്കൂട്ടം പുലരും വരെ വനാതിര്‍ത്തിയിലെ കൃഷിയിടത്തിലുണ്ടാകും. സകലതും നശിപ്പിച്ച ശേഷം രാവിലെയാണ്  മടക്കം. വാഴയ്ക്ക് പുറമെ കവുങ്ങ്, തെങ്ങ്, ഏലം, ചേമ്പ് തുടങ്ങിയ വിളകളെല്ലം നശിപ്പിച്ചാണ് ആനക്കൂട്ടത്തിന്റെ മടക്കം. പടക്കം പൊട്ടിച്ചും ചെണ്ടകൊട്ടിയും ഇവയെ തുരത്താനുള്ള നാട്ടുകാരുടെ ശ്രമം പലപ്പോഴും ലക്ഷ്യം കാണാറില്ല. കുട്ടിയാനയും സംഘത്തിലുള്ളതിനാല്‍ ഓടിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചാക്രമണത്തിന്റെ ശക്തി കൂടുമെന്നാണ് ജനങ്ങളുടെ ആശങ്ക. 

മഴക്കെടുതിക്കൊപ്പം കാട്ടാനയുടെ ആക്രമണവും കാരണം കര്‍ഷകരില്‍ പലരും വന്‍തുകയുടെ കടക്കെണിയിലാണ്. മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ പകല്‍സമയത്തും റോഡിനോട് ചേര്‍ന്ന് കാട്ടാനയിറങ്ങിയത് വാഹനയാത്രികരെയും ഭീതിയിലാക്കിയിട്ടുണ്ട്. വനപാലകസംഘം സ്ഥലത്തെത്തി പരിശോധിച്ച് മടങ്ങുന്നതല്ലാതെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. 

MORE IN NORTH
SHOW MORE
Loading...
Loading...