സമാധാന സന്ദേശവുമായി നേപ്പാൾ വരെ; കാൽനട യാത്ര തുടങ്ങി നൗഷാദ്

സമാധാന സന്ദേശവുമായി പാലക്കാട് സ്വദേശി നൗഷാദ് നേപ്പാളിലേക്ക് കാല്‍നടയാത്ര തുടങ്ങി. കോവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാത്രയിലുടനീളം പങ്കുവയ്ക്കും. ഏഴായിരം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പോള്‍ നാട് പഴയമട്ടിലാകുമെന്നാണ് നൗഷാദിന്റെ പ്രതീക്ഷ.

വീട്ടിലിരുന്ന് വര്‍ത്തമാനം പറഞ്ഞതുകൊണ്ട് മാത്രം സമാധാനം പുലരില്ലെന്നാണ് നൗഷാദിന്റെ പക്ഷം. സാധാരണക്കാരെയും കുട്ടികളെയും നേരില്‍ക്കണ്ട് അവരെ പലതും ബോധ്യപ്പെടുത്തണം. അങ്ങനെ സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കാന്‍ കഴിയും. നേപ്പാളിലേക്കുള്ള യാത്രയില്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് സാധാരക്കാരുമായി ചര്‍ച്ച ചെയ്യും. മാസ്കും ലഘുലേഖകളും കൈമാറും. വാഹനങ്ങള്‍ വൃത്തിയാക്കിയും ഹോട്ടലില്‍ സഹായിയായും പ്രവര്‍ത്തിച്ചാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്. യാത്രാലക്ഷ്യം മനസിലാക്കി പലരും പിന്തുണ അറിയിച്ചിട്ടുണ്ട്. 

കായിക പരിശീലകന്‍ പി.ജി.മനോജ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കിണാശ്ശേരി ക്ലബ്ബിലെ പ്രവര്‍ത്തകര്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ നൗഷാദിനൊപ്പമെത്താന്‍ തയാറെടുത്തിട്ടുണ്ട്.