ഇഞ്ചിക്ക് വിലയില്ല; കർഷകർ പ്രതിസന്ധിയിൽ

ഇഞ്ചി വില തകര്‍ച്ചയില്‍ നട്ടംതിരിഞ്ഞ് കര്‍ഷകര്‍. വിലയിടിവിനെ തുടര്‍ന്ന് വിളവെടുക്കാനാകാതെ വന്നതോടെ നെല്‍ക്കൃഷിയും വൈകി. കൃഷിക്കായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലാണ് വയനാട്ടിലെ കര്‍ഷകര്‍. 

ഇഞ്ചി വിളവെടുക്കുന്നതിനുള്ള പണിക്കൂലി പോലും മുതലാവതെ വന്നതോടെയാണ് വിളവ് പാടത്ത് നിലനിര്‍ത്തിയത്. വയനാട് പുല്‍പള്ളിയിലെ വനാതിര്‍ത്തി ഗ്രാമമായ ചേകാടിയില്‍ വലിയ തുക ചെലവഴിച്ച് വിത്തിറക്കിയ ഇഞ്ചി വെള്ളം കയറി നശിക്കുകയാണ്. നാളുകളായി ഇഞ്ചിയുടെ വിലയില്‍ കാര്യമായ വര്‍ധനയില്ല. ചെലവാക്കിയതിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് പലരും നേരത്തെതന്നെ വിറ്റു.

ഇഞ്ചി എടുക്കാനാകില്ലെന്ന് വ്യാപാരികളും നിലപാടെടുത്തതോടെ വില ഉയരും എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന കര്‍ഷകരുടെ വിളവ് പാഴായി.പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യസ്ഥാപനങ്ങള്‍ സ്വരം കടുപ്പിച്ചു. വന്യജീവി ശല്യത്താല്‍ പൊറുതിമുട്ടുന്ന വയനാട്ടിലെ കര്‍ഷകര്‍ക്ക് ഇരട്ടിപ്രഹരമാവുകയാണ് വിലയിടിവും. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിളകള്‍ സംഭരിക്കാന്‍ കൃത്യമായ സംവിധാനമൊരുക്കിയാല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാവുമെന്നാണ് കര്‍ഷകരുടെ വിശ്വാസം.