പ്രളയത്തില്‍ തകർന്ന് അയനിമലപ്പാലം; രണ്ട് വർഷമായിട്ടും പുനർനിർമിച്ചില്ല; ദുരിതം

പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാത്തതോടെ ദുരിതത്തിലായി നാട്ടുകാര്‍. വയനാട് പൂതാടി പഞ്ചായത്തിലെ അയനിമല കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലം 2019ലാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുന്നതായും പരാതിയുണ്ട്.

നരസിപുഴയ്ക്ക് കുറുകെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂതാടി പഞ്ചായത്താണ് പാലം നിര്‍മിച്ചത്. അയനിമല കോളനിക്കാരുടെ ഏക ആശ്രമായിരുന്ന പാലം 2019ലെ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഉടന്‍ പുനര്‍നിര്‍മിക്കുന്ന പഞ്ചായത്തിന്റെ ഉറപ്പ് നടപ്പായില്ല. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്നാണ് പരാതി. വനാതിര്‍ത്തിയിലുള്ള അയനിമല കോളനി നിവാസികള്‍ ഒറ്റപ്പെട്ട് അവസ്ഥയിലാണ്.

തകർന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽനിന്നു നീക്കാത്തതിനാല്‍ പ്രദേശത്ത് വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുന്നതായും പരാതിയുണ്ട്. പാലം പുനർനിർമിക്കാത്തതും അവശിഷ്ടം നീക്കം ചെയ്യാത്തതും മൂലം ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് കോളനിക്കാരും പുഴയ്ക്ക് ഇരു വശത്തെ കർഷകരുമാണ്. പാലം തകർന്ന ശേഷം നാട്ടുകാരുടെയും വനംവകുപ്പിന്റെയും ചെലവിൽ രണ്ടുതവണ കമുകും  ഉപയോഗിച്ച് പുഴയ്ക്ക് കുറുകെ താല്‍ക്കാലിക നടപ്പാലം നിർമിച്ചിരുന്നു. ഇതും തകര്‍ച്ചയുടെ വക്കിലാണ്.